നടന്മാരുടെയും നടിമാരുടെയും ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പോലെ തന്നെ അഭിനേതാക്കളുടെ പ്രതിഫലത്തെക്കുറിച്ചും പ്രേക്ഷകർക്ക് എന്നും അറിയാൻ താൽപര്യമുണ്ട്. ഇപ്പോഴിതാ സൗത്ത് ഇൻഡസ്ട്രിയിലെ സൂപ്പർതാര നടിമാരുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. തെന്നിന്ത്യൻ താരറാണി തൃഷയാണ് പ്രതിഫലത്തിൽ ഒന്നാം സ്ഥാനത്തുള്ള താരം. 10 മുതൽ 12 കോടി വരെയാണ് തൃഷ ഓരോ സിനിമയ്ക്കും പ്രതിഫലമായി കൈപ്പറ്റുന്നത്. പൊന്നിയിൻ സെൽവൻ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം തുടർച്ചയായുള്ള വിജയ ചിത്രങ്ങൾ നടിയുടെ താരമൂല്യത്തെ ഉയർത്തിയിട്ടുണ്ട്. മണിരത്നം ചിത്രമായ തഗ് ലൈഫ് ആണ് അവസാനമായി തിയേറ്ററിൽ എത്തിയ തൃഷ ചിത്രം. മോശം പ്രതികരണങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസിലും പരാജയമായിരുന്നു.
ലേഡി സൂപ്പർസ്റ്റാർ നയൻതാര ആണ് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 8 മുതൽ 11 കോടിവരെയാണ് നയൻതാരയുടെ പ്രതിഫലം. നടിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനിൽ 10 കോടി ആയിരുന്നു നടി പ്രതിഫലമായി കൈപ്പറ്റിയത്. ചിരഞ്ജീവി ചിത്രം മന ശങ്കര വര പ്രസാദ് ഗാരു ആണ് ഇനി പുറത്തിറങ്ങാനുള്ള നയൻതാര ചിത്രം. സംക്രാന്തി റിലീസായി ജനുവരിയിൽ സിനിമ പുറത്തിറങ്ങും. അനിൽ രവിപുടി ആണ് സിനിമ സംവിധാനം ചെയ്യുന്നത്.തുടർച്ചയായുള്ള വിജയങ്ങളുമായി രശ്മിക മന്ദാന ആണ് പട്ടികയിൽ തൊട്ടുതാഴെയുള്ളത്. 4 മുതൽ 13 കോടി വരെയാണ് നടിയുടെ പ്രതിഫലം. ഥാമാ, ദി ഗേൾഫ്രണ്ട് എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ രശ്മിക സിനിമകൾ. രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു.
ഇതിൽ ആയുഷ്മാൻ ഖുറാനെ ചിത്രമായ ഥാമാ 100 കോടിക്കും മുകളിൽ നേടിയിരുന്നു. രണ്ട് സിനിമകളിലെയും രശ്മികളുടെ പ്രകടനം കയ്യടി നേടിയിരുന്നു. സാമന്ത റൂത്ത് പ്രഭു ആണ് ലിസ്റ്റിൽ തൊട്ടുതാഴെയുള്ള നടി. 3 മുതൽ 10 കോടി വരെയാണ് സാമന്ത ഓരോ സിനിമയ്ക്കും വാങ്ങുന്നത്. അതേസമയം, സാമന്തയുടെ ബോളിവുഡ് വെബ് സീരീസ് ആയ സിറ്റാഡലിനായി നടി വാങ്ങിയത് 10 കോടിയാണ്. വിജയ് ദേവരകൊണ്ട നായകനായി എത്തിയ ഖുഷി ആണ് അവസാനമായി തിയേറ്ററിൽ എത്തിയ സാമന്ത ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു കാഴ്ചവെച്ചത്.




