ജെയിംസ് കാമറൂണിന്റെ അവതാറിലെ നാവി മനുഷ്യർ എല്ലാം എന്തുകൊണ്ടാണ് കാണാൻ ഹിന്ദു പുരാണത്തിലെ ദൈവങ്ങളെ പോലെ നീല നിറത്തിൽ ഇരിക്കുന്നത്?. ജെയിംസ് കാമറൂണിനോട് ഇന്ത്യ ടുഡേ സംഘടിപ്പിച്ച സംവാദത്തിൽ ഈ ചോദ്യം ചോദിച്ചത് 12 ഫെയ്ൽ എന്ന ചിത്രത്തിന്റെ സംവിധായകനാണ്.‘ചെറുപ്പം മുതൽ ഹൈന്ദവ സങ്കല്പം, ഇവിടുത്തെ ആർക്കിടെക്ച്ചർ, ആരാധന സമ്പ്രദായം എന്നിവയോട് എനിക്ക് വല്ലാത്ത ക്രേസ് ആയിരുന്നു. ചിത്രത്തിൽ നിങ്ങൾ കണ്ടെത്തിയ സാമ്യതകൾ ചിലത് അറിയാതെയും ചിലത് അറിഞ്ഞു കൊണ്ടും സംഭവിച്ചതാണ് എന്നാണ് ജെയിംസ് കാമറൂൺ മറുപടി പറയുന്നത്.
ചിത്രത്തിന് ഹൈന്ദവ സങ്കല്പവുമായുള്ള ബന്ധം അവതാർ എന്ന പേര് മുതൽ തുടങ്ങുന്നു. ഒരു പ്രത്യേക ഉദ്ദേശത്തോടു കൂടി പുതിയൊരു ജന്മമെടുക്കുന്നതിനെയാണ് ഇന്ത്യക്കാർ അവതാർ അല്ലെങ്കിൽ അവതാരം എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്. ചിത്രത്തിൽ പണ്ടോറ എന്ന ഗൃഹത്തിലേക്ക് ഒരു മിഷനുമായി പോകുന്ന ജേക്ക് സള്ളി എന്ന നായക കഥാപാത്രത്തിനും മറ്റൊരു ഉടലിലേക്ക് കൂട് വിട്ട് കൂടി മാറേണ്ടി വരുന്നുണ്ട്.
ചിത്രത്തിന്റെ കഥയുടെ പ്രാരംഭഘട്ടത്തിൽ നാവി മനുഷ്യരെ മഹാവിഷ്ണുവിനെയൊക്കെ പോലെ രണ്ടിലധികം കൈകളുള്ളവരായിട്ടായിരുന്നു കാമറൂൺ ഡിസൈൻ ചെയ്തത്. നാവി മനുഷ്യർ മാത്രമല്ല പാണ്ടോറക്കായി ഡിസൈൻ ചെയ്ത മിക്ക മൃഗങ്ങൾക്കും സാധാരണയിൽ കൂടുതൽ കൈക് കാലുകൾ ഉണ്ടായിരുന്നു.
എന്നാൽ ബജറ്റ് പ്രശ്നം കാരണത്തെ മനുഷ്യർക്ക് രണ്ട് കൈ തന്നെ മതിയെന്നായി. എന്നാൽ മൃഗങ്ങൾക്ക് ആദ്യം നിശ്ചയിച്ച പോലെ തന്നെ സിനിമയിൽ കാണാം. പണ്ടോറയിലെ സസ്യ ജീവി വർഗങ്ങളെയും മണ്ണിനെയും ജലത്തെയും എല്ലാം പരസ്പരം കൂട്ടിയിണക്കിയിരിക്കുന്ന ദിവ്യമായ ഒരു എനർജിയായ എയ്വാ എന്ന സങ്കല്പം ഹിന്ദൂയിസത്തിലെ ബ്രഹ്മയുമായി ഏറെ സാമ്യമുണ്ട്. നാവി മനുഷ്യരുടെ വസ്ത്ര ധാരണം, ഭാഷ അങ്ങനെ പലതിനും ജെയിംസ് കാമറൂണിന് ആഫ്രിക്കൻ ട്രൈബുകളുടെയും റെഡ് ഇന്ത്യൻ നിവാസികളുടെയും സംസ്കാരം പ്രചോദനമായിട്ടുണ്ട്. എന്നാൽ നാവികളുടെ പ്രകൃതിയുമായുള്ള ബന്ധം, ദിവ്യ വൃക്ഷം എന്ന സങ്കല്പം അങ്ങനെ പലതിലും ജെയിംസ് കാമറൂൺ ഒളിപ്പിച്ച ഫിലോസഫി നമുക്കാർക്കും അന്യമല്ല. അവതാറിൽ അങ്ങനെ പല തരത്തിലുള്ള സാംസകാരിക പഠനങ്ങളും സമകാലിക പ്രസ്കതിയുള്ള രാഷ്ട്രീയവും കാണാൻ സാധിക്കും.
ഭാവിയിലെവിടെയോ മനുഷ്യനും അന്യഗ്രഹ ജീവികളുമായി നടക്കുന്ന വെറുമൊരു പോരാട്ടത്തിന്റെ കഥയായിരുന്നില്ല ഒരിക്കലും അവതാർ സിനിമകൾ. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്ന അമേരിക്കയുടെ ക്യാപ്പിറ്റലിസ്റ്റ് കോർപ്പറേറ്റ് സംസ്ക്കാരം, അവർ അമേരിക്കയിലെ തദ്ദേശീയരോട് ചെയ്ത് ക്രൂരത, എന്നിവ മാത്രമല്ല ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങളെ കൊള്ളയടിച്ച് നൂറ്റാണ്ടുകളോളം അധീനതയിൽ വെച്ച ബ്രിട്ടന്റെ നെറികെട്ട കൊളോണിയൽ നയത്തിനുമെല്ലാം എതിരെയുള്ള ശക്തമായ ചോദ്യങ്ങളും ചെറുത്ത് നിൽപ്പുകളും അവതാറിൽ ജെയിംസ് കാമറൂൺ കരുതി വെച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഉറക്കത്തിൽ കാമറൂൺ കണ്ട ഒരു സ്വപ്നത്തിലെ ചില ദൃശ്യങ്ങൾ ഉണർന്ന ശേഷം അയാളത് പേപ്പറിലാക്കി. എഴുതി തയാറാക്കിയ തിരക്കഥ 15 കൊല്ലത്തിനു ശേഷമാണു സിനിമയായത്. മോശം ക്യാപ്സിച്ചർ എന്ന സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കുള്ള കാത്തിരിപ്പായിരുന്നു ആ കാലയളവ്.തന്റെ ആവശ്യം വേറെയാരും നിറവേറ്റില്ല എന്ന ബോധ്യമുള്ളതുകൊണ്ട് തന്നെ സ്വയം ചില കണ്ടുപിടുത്തങ്ങളിലൂടെ ആ ടെക്നോളജി അയാൾ തന്നെ പലവട്ടം വികസിപ്പിച്ചു. ചിത്രം നിർമ്മിക്കാനായി ഒരു വമ്പൻ സ്റ്റുഡിയോയെ സമീപിച്ചപ്പോൾ അവർ ആദ്യം മുന്നോട്ട് വെച്ച നിർദേശമിതായിരുന്നു. എല്ലാം കൊള്ളാം പക്ഷെ ഈ പ്രകൃതി സംരക്ഷണവും, കോർപ്പറേറ്റിനെ വില്ലനാക്കുന്ന പരിപാടിയും ഒക്കെ അങ്ങ് മാറ്റി, മറ്റൊരു ട്രാക്കിൽ കഥ പോകട്ടെ’.
കാമറൂണിന്റെ മറുപടി ഇതായിരുന്നു ‘സൗകര്യമില്ല, ചെയ്യുന്നെങ്കിൽ ഈ പ്രകൃതി സംരക്ഷണവും ആന്റി കോർപ്പറേറ്റ് കഥയും ചെയ്താൽ മതി’. സിനിമ സംവിധായകൻ എന്നതിലുപരി ഒരു ശാസ്ത്രജ്ഞനും, പരിസ്ഥിതി പ്രവർത്തകനും, ആഴക്കടൽ പര്യവേഷകനും, ഒക്കെയായ ജെയിംസ് കാമറൂൺ അവരോട് അത്രയെങ്കിലും പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതം.




