Celebrity

‘എനിക്കു വേണ്ടി ഒരുപാട് പേരോട് കലഹിച്ചു, എന്റെ ധൈര്യമാണ് നഷ്ടപ്പെട്ടത്: മുകേഷ്

ശ്രീനിവാസന്റെ വിയോഗത്തില്‍ വികാരഭരിതനായി മുകേഷ്. തനിക്ക് വേണ്ടി ഒരുപാട് പേരോട് കലഹിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീനിവാസന്‍ എന്നാണ് മുകേഷ് പറയുന്നത്. 43 വര്‍ഷത്തെ സൗഹൃദത്തില്‍ ഒരിക്കല്‍ പോലും തങ്ങള്‍ക്കിടയില്‍ നീരസമുണ്ടായിട്ടില്ലെന്നും മുകേഷ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മുകേഷിന്റെ വാക്കുകളിലേക്ക്:43 കൊല്ലത്തെ ദൃഢമായ സൗഹൃദമാണ്. എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമായിരുന്നു. അതില്‍ സൗഹൃദമൊന്നും നോക്കത്തില്ല. സിനിമയുടെ കാര്യമാണെങ്കില്‍ നല്ല സിനിമ, ടിവി പരിപാടിയാണെങ്കില്‍ നല്ല ടിവി പരിപാടി, നല്ല കഥ, നല്ല തിരക്കഥ, അതിലൊന്നും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളായിരുന്നു. തിരക്കഥയുമായി അദ്ദേഹത്തെ കണ്ടാല്‍ പുതിയ ആളാണെങ്കില്‍ മിനിമം പത്ത് ചോദ്യം അങ്ങോട്ട് ചോദിക്കും. അതിന് മറുപടി പറഞ്ഞെങ്കില്‍ മാത്രമേ മുന്നോട്ട് പോകൂ.

എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്നത്, ശ്രീനിവാസനുമായി ഇത്രയും സിനിമകള്‍ ചെയ്യുകയും ഇത്രയും കാലം ഒരുമിച്ച് നടക്കുകയും ചെയ്തിട്ടും അദ്ദേഹത്തെക്കുറിച്ച് അവിടെയും ഇവിടേയും സംസാരിച്ചുവെങ്കിലും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കേണ്ടിവരുന്നൊരു സാഹചര്യം ഞാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ അത് ഇങ്ങനൊരു സാഹചര്യമായിപ്പോയി. അത് എന്നെ സംബന്ധിച്ച് ഏറ്റവും ദുഖകരമായ കാര്യമാണ്.43 കൊല്ലത്തിനുള്ളില്‍ ഒരിക്കല്‍ പോലും ചെറിയ നീരസം പോലും ഉണ്ടാക്കാത്ത സുഹൃത്തായിരുന്നു. പല സന്ദര്‍ഭങ്ങളിലും ഞാന്‍ തന്നെ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്, ഞാനായതുകൊണ്ട് ഇതൊക്കെ ക്ഷമിക്കുന്നു, സഹിക്കുന്നു, വേറെ ആരെങ്കിലും ആയിരുന്നുവെങ്കില്‍ ഇട്ടിട്ടുപോയേനെ എന്ന്. അദ്ദേഹം പൊട്ടിച്ചിരിക്കും. അദ്ദേഹത്തിന്റെ ചിരിയും വളരെ പ്രസിദ്ധമാണ്. നോണ്‍ സ്‌റ്റോപ്പ് ചിരിയാണ്. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പോലെ തന്നെ ചിരിക്കുന്നതും ഏറെ ആസ്വദിച്ചാണ്.

തുടക്കത്തില്‍ പ്രിയദര്‍ശന് എന്നോട് അഭിപ്രായ വ്യത്യാസവും ഞാന്‍ ശരിയല്ല എന്ന തോന്നലും ഉണ്ടാകുമ്പോള്‍, അത്ര വലിയ ബന്ധമില്ലാതിരുന്ന കാലത്തും ശ്രീനിവാസന്‍ എനിക്കു വേണ്ടി ഫൈറ്റ് ചെയ്തു. പിന്‍കാലത്ത് പ്രിയദര്‍ശനെ തിരുത്തി. അവിടുന്ന് തുടങ്ങുന്ന സൗഹൃദമാണ് ഞങ്ങളുടേത്. ഓര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു ദിവസം അവിചാരിതമായി ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, നമുക്കൊരു സിനിമ നിര്‍മിക്കണം. വലിയ ബ്രഹ്മാണ്ഡ സിനിമയൊന്നുമല്ല, നല്ലൊരു സിനിമയെടുക്കണം. അദ്ദേഹം പൊട്ടിച്ചിരിച്ചു. കുറച്ച് നാള്‍ കഴിഞ്ഞ് ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ കണ്ടപ്പോള്‍ അദ്ദേഹം എന്നെ സൂക്ഷിച്ച് നോക്കി. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. മാറ്റി നിര്‍ത്തിയിട്ട്, കഥ പറയുമ്പോള്‍ എന്ന സിനിമയുടെ കഥ പറഞ്ഞു. എന്റെ കണ്ണ് നിറഞ്ഞു പോയി. നമുക്ക് ഈ കഥ ആയാലോ എന്ന് അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചാണ് മമ്മൂക്കയോട് കഥ പറയുന്നത്. അദ്ദേഹം ഫ്രീയായി ചെയ്തു തരാമെന്നും പറഞ്ഞു. ജീവിതത്തിലേയും സിനിമയിലേയും സുവര്‍ണനിമിഷങ്ങളായിരുന്നു എല്ലാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button