നിരവധി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകമനം കവർന്ന സംവിധായകൻ ആണ് ഖാലിദ് റഹ്‌മാൻ. സംവിധായകന്റേതായി അവസാനം പുറത്തുവന്ന ആലപ്പുഴ ജിംഖാന ബോക്സ് ഓഫീസിൽ വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഖാലിദിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ഉണ്ട എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്നു എന്നാണ് റിപ്പോർട്ട്. നടൻ നസ്ലെനും സിനിമയിൽ ഒരു പ്രധാന റോളിൽ എത്തുന്നുണ്ട്. ആസിഫ് അലിയുടെ വരാനിരിക്കുന്ന സിനിമയായ ടിക്കി ടാക്കയുടെ എഴുത്തുകാരിൽ ഒരാളായ നിയോഗ് കൃഷ്ണ ആണ് ഈ മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.
ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ സിനിമയാണ് ഇതെന്നാണ് വിവരം. നിലവിൽ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന മമ്മൂട്ടി-നിതീഷ് സഹദേവ് സിനിമയ്ക്ക് ശേഷമാകും ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരിഫ് മുഹമ്മദ് ആകും ഈ സിനിമ നിർമിക്കുക എന്നും റിപ്പോർട്ടുണ്ട്. നേരത്തെ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ക്യൂബ്സ് എന്റർടൈൻമെന്റ്സ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, കളങ്കാവൽ ആണ് ഇപ്പോൾ തിയേറ്ററിൽ ഉള്ള മമ്മൂട്ടി ചിത്രം. ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ രണ്ടാം വാരത്തിലും തകർപ്പൻ വിജയം തുടരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.
റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ 50 കോടി ക്ലബിൽ എത്തിയ ചിത്രം, ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ.
കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ കളങ്കാവൽ ആഗോള തലത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. ഗൾഫിലും തകർപ്പൻ പ്രകടനം നടത്തുന്ന ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ നടത്തിയത് ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ.




