CelebrityChithrabhoomiNew ReleaseTrending

സീനിയർ താരങ്ങൾ എന്നെ മാറ്റി നിർത്തിയിരുന്നില്ല, ആ സ്നേഹം ഇന്ന് ഒപ്പം ഉള്ളവർക്ക് നൽകുന്നു: മോഹൻലാൽ

തന്റെ കരിയറിന്റെ തുടക്കകാലത്ത് സീനിയർ താരങ്ങൾ തന്നോട് കാണിച്ച സ്നേഹമാണ് ഇന്ന് താൻ പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതെന്ന് നടൻ മോഹൻലാൽ. തന്റെ കൂടെ അഭിനയിക്കുന്നവരോട് സ്നേഹം കാണിക്കേണ്ടത് തന്റെ കടമയാണെന്നും അതിലൂടെ മാത്രമേ ഒരു നല്ല സിനിമ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും മോഹൻലാൽ പറഞ്ഞു. വൃഷഭയുടെ ട്രെയ്‌ലർ ലോഞ്ചിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. എങ്ങനെയാണ് ജഗതി ശ്രീകുമാർ മുതൽ പുതുമുഖ നടനായ സംഗീത് അടക്കമുള്ള താരങ്ങളുമായി മികച്ച കെമിസ്ട്രി ഉണ്ടാക്കുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ‘അതെല്ലാം അവരോട് ചോദിക്കേണ്ട ചോദ്യമാണ്.

എന്റെ കരിയറിന്റെ തുടക്കകാലത്ത് വലിയ താരങ്ങളായ ശിവാജി ഗണേശൻ, പ്രേം നസീർ, അമിതാഭ് ബച്ചൻ തുടങ്ങിയവർ എന്നോട് കാണിച്ച സ്നേഹവും അഫക്ഷനും പുതിയ തലമുറക്ക് പകർന്നു നൽകുക മാത്രമാണ് ഞാൻ ചെയ്യുന്നത്. അവരുടെ ലെഗസി എന്നിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ഒരു പുതിയ അഭിനേതാവെന്ന നിലയിൽ അവർ ഒരിക്കലും എന്നെ മാറ്റി നിർത്തിയിരുന്നില്ല. അത്ര നന്നായിട്ടാണ് അവരെന്നെ സ്നേഹിച്ചിരുന്നത്. എന്റെ കൂടെ അഭിനയിക്കുന്നവരോടും ആ സ്നേഹം കാണിക്കേണ്ടത് എന്റെ ധർമ്മമാണ് അത്തരത്തിൽ മാത്രമാണ് നല്ലൊരു സിനിമ ചെയ്യാൻ സാധിക്കുകയുള്ളൂ. ഞാൻ അത്തരത്തിലാണോ അവരോട് പെരുമാറിയിട്ടുള്ളത് എന്ന് അവരോട് ചോദിച്ചാൽ മാത്രമേ മനസ്സിലാകൂ’, മോഹൻലാലിന്റെ വാക്കുകൾ.

പ്രേക്ഷകർ കാത്തിരുന്ന വൃഷഭയുടെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് തന്നെയാകും സിനിമ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. രണ്ടു കാലഘട്ടങ്ങളിലായി പല കഥാപാത്രങ്ങളുടെ യാത്രയും പുനർജന്മത്തിന്റെ കഥയുമാണ് വൃഷഭ പറയുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. യോദ്ധാവായും ബിസിനസ്മാൻ ആയും രണ്ട് കഥാപാത്രങ്ങളായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും സിനിമ സമ്പന്നമാണ് എന്നും ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. ഡിസംബർ 25 ന് ചിത്രം പുറത്തിറങ്ങും. നേരത്തെ നവംബർ ആറിന് സിനിമ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നത്. നിരവധി തവണ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button