നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ കടുത്ത നിരാശയെന്ന് വുമൺ ഇൻ സിനിമ കളക്ടീവ്. വിധി സൂക്ഷ്മമായി പഠിച്ച് തുടർനടപടികളുമായി മുന്നോട്ടു പോകും. നീതിക്കായി പോരാട്ടം തുടരുമെന്നും ഡബ്ല്യൂസിസി സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. എട്ടരവർഷം നീണ്ട ഈ പോരാട്ടത്തിൽ അത് ഞങ്ങളുടെ സഹപ്രവത്തകക്ക് മുന്നിൽ ബാക്കി വച്ചത് നീതിയും കരുതലും അല്ലെന്ന് ഡബ്ല്യൂസിസി പറഞ്ഞു.
പെൺ കേരളത്തിന് വിധി നൽകുന്ന സാമൂഹ്യപാഠം ഇനി പരാതിയുമായി മുന്നോട്ട് വരരുത് എന്ന അത്യന്തം നിരാശാജനമായ വിലക്കാണെന്ന് ഡബ്ല്യൂസിസി പറയുന്നു. കോടതി വിധിയിൽ പ്രതികരണവുമായി അതിജീവിതയുടെ രംഗത്തെത്തിയിരുന്നു. വിധി അത്ഭുതപ്പെടുത്തുന്നില്ലെന്നും, കേസിൽ അടിസ്ഥാന ആവശ്യങ്ങൾ പോലും സംരക്ഷിക്കപ്പെട്ടില്ലെന്നാണ് അതിജീവിത പ്രതികരിച്ചു. എല്ലാ പാഠങ്ങൾക്കും നന്ദിയെന്ന് പറഞ്ഞാണ് അതിജീവിതയുടെ തുറന്ന കത്ത്. എട്ടുവർഷം, 9 മാസം ,23 ദിവസങ്ങൾ വേദനാജനകമായ യാത്രയിലെ വെളിച്ചത്തിന്റെ നേരിയ കണികയായി മാത്രമാണ് ആറു പേർ ശിക്ഷിക്കപ്പെട്ട കേസിലെ വിധിയെ അതിജീവിത കാണുന്നത്.
കെട്ടിച്ചമച്ച കേസ് എന്ന പരിഹസിച്ചവർക്ക് മുന്നിൽ കേസിന്റെ വിധി സമർപ്പിക്കുകയാണ് അതിജീവിത സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. തുടർന്നങ്ങോട്ടുള്ള തുറന്ന കത്തിൽ വിചാരണ കോടതിയിൽ നിന്ന് വിശ്വാസം നഷ്ടപ്പെട്ടത് അതിജീവിത അക്കമിട്ട് നിരത്തുന്നുണ്ട്. അതേസമയം ആസൂത്രണം ചെയ്തതവർ കൂടി ശിക്ഷിക്കപ്പെട്ടാലേ നീതി പൂർണമാകൂ എന്ന് നടി മഞ്ജു വാര്യർ സമൂഹമാധ്യമത്തിൽ കുറിച്ചു.




