രൺവീർ സിങ് നായകനായ ധുരന്ദറിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് ചിത്രത്തിന് പ്രദർശനവിലക്ക്. ചിത്രത്തിലെ പാകിസ്‌താൻ വിരുദ്ധ പരാമർശനത്തിനെ തുടർന്നാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ബോളിവുഡ് സിനിമകൾക്ക് നിരവധി പ്രേക്ഷകരുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രദർശനവിലക്ക് സിനിമയ്ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. സാമ്പത്തികമായും വലിയ ആഘാതമാകും സിനിമയുടെ നിർമാതാക്കൾ നേരിടേണ്ടി വരുക. ഫൈറ്റർ, സ്കൈ ഫോഴ്സ്, ദി ഡിപ്ലോമാറ്റ്, ആർട്ടിക്കിൾ 370, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങള്‍ക്കും പാകിസ്‌താൻ വിരുദ്ധത ആരോപിച്ച് ഗൾഫിൽ പ്രദർശനവിലക്ക് നേരിട്ടിരുന്നു. ഹൃത്വിക് റോഷൻ – ദീപിക ചിത്രമായ ഫൈറ്റർ യുഎഇയിൽ റിലീസ് ചെയ്തെങ്കിലും പിന്നീട് ചില ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.
റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോൾ ‘ധുരന്ദർ’ ആഗോള തലത്തിൽ നിന്നും നേടിയത് 317 കോടിയാണ്. ഇന്ത്യയിൽ നിന്ന് 258 കോടിയും ഓവർസീസിൽ നിന്ന് 59 കോടിയുമാണ് സിനിമയുടെ സമ്പാദ്യം. വരും ദിവസങ്ങളിലും സിനിമയ്ക്ക് കളക്ഷൻ ഉയരാനാണ് സാധ്യത. സിനിമ ഇറങ്ങും മുന്നേ നായികയുടെ പ്രായത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ ഉയർന്നിരുന്നു. ചിത്രത്തിൽ സാറ അർജുൻ ആണ് നായികയായി എത്തുന്നത്. 40 വയസുള്ള രൺവീറിന്റെ നായികയായി 20 വയസുള്ള സാറയെ എന്തിന് കാസ്റ്റ് ചെയ്തു എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഗാനത്തിലെ ഇരുവരും തമ്മിലുള്ള റൊമാൻസ് രംഗങ്ങൾക്ക് നേരെയും വിമർശനം ഉയരുന്നുണ്ട്. ഇരുവരും തമ്മിൽ ഒരു കെമിസ്ട്രിയും ഇല്ലെന്നും മറ്റേതെങ്കിലും നായികയെ കാസ്റ്റ് ചെയ്യാമായിരുന്നു എന്നാണ് കമന്റുകൾ.
ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ‘ഉറി ദ സർജിക്കൽ’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ഹനുമാൻ കൈൻഡ്, ജാസ്മിൻ സാൻഡ്ലാസ് എന്നിവരുടെ ഗാനവും അനൗൺസ്‌മെന്റ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.




