ആരാധകർ ഏറെയുള്ള നടനാണ് മോഹൻലാൽ. സിനിമകൾ മാത്രമല്ലാതെ ടെലിവിഷൻ ഷോയിലെ അവതാരകനായും മോഹൻലാൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ നിരവധി എപ്പിസോഡുകളിലായി മലയാളത്തിലെ ബിഗ് ബോസ് ഷോയുടെ അവതാരകൻ മോഹൻലാൽ ആണ്. ഇപ്പോഴിതാ ബിഗ് ബോസ് ചെയ്യുമ്പോൾ പലരും തന്നോട് വേറെ പണിയൊന്നുമില്ല എന്ന് ചോദിക്കാറുണ്ടന്ന് പറയുകയാണ് മോഹൻലാൽ. ബിഗ് ബോസിൽ നിന്ന് തനിക്ക് ലഭിക്കുന്ന എക്സ്പീരിയൻസിനെക്കുറിച്ചും മോഹൻലാൽ പറഞ്ഞു. ഹോട്ട്സ്റ്റാർ സംഘടിപ്പിച്ച സൗത്ത് അൺബൗണ്ടിലായിരുന്നു നടന്റെ പ്രതികരണം. ‘പലരും എന്നോട് ചോദിക്കാറുണ്ട് ലാലിന് വേറെ പണിയൊന്നുമില്ലേയെന്ന്. എന്താണ് കാര്യമെന്ന് ചോദിക്കുമ്പോൾ അവർ പറയുന്നത് ബിഗ് ബോസിന്റെ കാര്യമാണ്. അതിന് ഒരു മറുപടിയേ ഉള്ളൂ. ഞാനൊരു പെർഫോമറാണ്. ഞാനെന്ന എന്റർടൈനർ ആസ്വദിച്ച് ചെയ്യുന്ന കാര്യമാണത്. എനിക്ക് ഒരുപാട് കാര്യങ്ങൾ ഈ ബിഗ് ബോസിൽ വരുന്ന ആൾക്കാരിൽ നിന്ന് പഠിക്കാൻ സാധിക്കുന്നു.
ഹ്യൂമൻ ഇമോഷൻസെല്ലാമുള്ള മൈൻഡ് ഗെയിമാണ് ബിഗ് ബോസ്. അത് ഹോസ്റ്റ് ചെയ്യുക എന്ന് പറഞ്ഞാൽ അത്ര എളുപ്പമല്ല. ഈ പരിപാടി സ്ക്രിപ്റ്റഡാണെന്നൊക്കെ പലരും ആരോപിക്കാറുണ്ട്. പക്ഷേ, അങ്ങനെയൊന്നുമല്ല. ഇതിന്റെ ഉള്ളിലെ രഹസ്യങ്ങളെല്ലാം എനിക്ക് നന്നായി അറിയാം. നല്ല പാടാണ് ഈ പരിപാടി മുന്നോട്ടു കൊണ്ടുപോകാൻ. എല്ലാവരും പറയും എനിക്ക് ബിഗ് ബോസിൽ ചേരണമെന്ന്. അത് അത്ര എളുപ്പമല്ല, ജീവിതമാണ്. നിങ്ങളുടെ എല്ലാ ഇമോഷനും പുറത്ത് കാണിച്ചെ പറ്റൂ. എത്ര നിങ്ങൾ കണ്ട്രോൾ ചെയ്താലും, ഒരിക്കൽ അത് പുറത്ത് വരും. സ്വന്തം സ്വഭാവം എന്താണെന്ന് ഒളിച്ചുവെക്കാൻ പറ്റാത്ത പരിപാടിയാണ് ബിഗ് ബോസ്. നിങ്ങളുടെ മനസിന്റെ റിഫ്ലക്ഷൻ ആണ് ഈ ഷോ,’ മോഹൻലാൽ പറഞ്ഞു.




