Celebrity

പേടിയോടെയാണ് ഓരോ ദിവസവും ജീവിച്ചത്, 30 വർഷം ഗാർഹികപീഡനത്തിന് ഇരയായി: നടി രതി അഗ്നിഹോത്രി

ഏക് ദുജേ കേലിയേ, കൂലി, മുരട്ടുകാളെ തുടങ്ങി നിരവധി ഹിന്ദി, തമിഴ് സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് രതി അഗ്നിഹോത്രി. ഇപ്പോഴിതാ തന്റെ കുടുംബജീവിതത്തിനെക്കുറിച്ച് രതി പറഞ്ഞ വാക്കുകൾ ചർച്ചയാകുകയാണ്. സിനിമയിൽ ഉന്നതിയിൽ നിൽക്കുമ്പോഴും തന്റെ സ്വകാര്യജീവിതം അത്ര മനോഹരമായിരുന്നില്ലെന്ന് തുറന്നുപറയുകയാണ് നടി. താൻ ഗാർഹികപീഡനത്തിനിരയാണെന്നും 30 വർഷത്തോളം ഇത് സഹിച്ച് സന്തുഷ്ടയായി അഭിനയിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

‘വിവാഹം വളരെ പവിത്രമാണെന്ന് ഞാൻ കരുതുന്നു. പിന്നെ മകനെ വളർത്തുക എന്ന ഉത്തരവാദിത്തവും. വലുതായപ്പോൾ അവൻ എന്നെ നന്നായി പിന്തുണച്ചു. കുറച്ചുനാൾ കഴിഞ്ഞാൽ കഴിഞ്ഞാൽ എല്ലാം ശരിയാവുമെന്ന ഉറപ്പിലാണ് വേദനകൾ സഹിച്ചത്. പലപ്പോഴും ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ഞാൻ കൊല്ലപ്പെടും എന്ന പേടിയോടെയാണ് ഓരോ ദിവസവും കഴിഞ്ഞത്. സഹിക്ക വയ്യാതെ 2015-ൽ പോലീസിൽ പരാതി കൊടുത്തു. പിന്നീടൊരിക്കലും തിരിച്ച് ആ വീട്ടിലേക്ക് പോയിട്ടില്ല’, രതി അഗ്നിഹോത്രിയുടെ വാക്കുകൾ. ആരും കാണാത്തിടത്താണ് മർദിച്ചതെന്നും അതുകൊണ്ടാണ് പാടുകൾ കാണാതിരുന്നതെന്നും താരം വെളിപ്പെടുത്തുന്നു.

1985-ലാണ് രതി വിവാഹിതയായത്. വ്യവസായിയായ അനിൽ വിർവാനിയെയാണ് നടി വിവാഹം കഴിച്ചത്. രതിയുടെ മകനായ തനുജ് വിർവാനിയും ഒരു ബോളിവുഡ് ആക്ടർ ആണ്. 2023 ൽ പുറത്തിറങ്ങിയ ഖേല ഹോബെ ആണ് അവസാനമായി രതി അഗ്നിഹോത്രി അഭിനയിച്ചു തിയേറ്ററിൽ എത്തിയ സിനിമ. നടി അഭിനയിച്ച ഏക് ദുജേ കേലിയേ എന്ന സിനിമയും അതിലെ ‘തേരെ മേരെ ബീച്ച് മേം’ എന്ന ഗാനവും വലിയ ഹിറ്റായിരുന്നു. രതിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു അതിലെ സപ്‌ന. തമിഴിലൂടെ അഭിനയത്തിലെത്തിയ രതിയുടെ കരിയർ കന്നഡയും തെലുഗുവും കടന്നാണ് ബോളിവുഡിലേക്ക് കടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button