Celebrity

‘മലയാള സിനിമയിൽ ലൈറ്റ് ബോയ്സ് ഉറങ്ങുന്നത് 2 മണിക്കൂർ, 12 മണിക്കൂർ ഷിഫ്റ്റ്,’ കീർത്തി സുരേഷ്

സിനിമ മേഖയിലെ എട്ട് മണിക്കൂർ ഷിഫ്റ്റ് വിവാദത്തിൽ പ്രതികരണവുമായി നടി കീർത്തി സുരേഷ്. താന്‍ ഏതുതരം ഷിഫ്റ്റിലും ജോലി ചെയ്യാന്‍ തയ്യാറാണെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു. എന്നാൽ 8 മണിക്കൂർ സമയക്രമത്തിന് പിന്നിലുള്ള ആവശ്യവും നടി വ്യക്തമാക്കി. മലയാള സിനിമയിൽ ഇടവേളയില്ലാതെ 12 മണിക്കൂർ ആണ് ഷിഫ്റ്റെന്നും സിനിമയിലെ മറ്റ് അണിയറപ്രവർത്തകർക്ക് 2 മണിക്കൂർ മാത്രമേ ഉറക്കം സാധ്യമാകുവെന്നും നടി ചൂണ്ടി കാണിച്ചു. കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘റിവോള്‍വര്‍ റിത്ത’യുടെ പ്രസ് മീറ്റിലാണ് പ്രതികരണം.

‘ഞാന്‍ എല്ലാതരം ഷിഫ്റ്റിലും ജോലി ചെയ്യാറുണ്ട്. എന്റെ തുടക്കകാലത്ത്, മഹാനടിയൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ ഒരേസമയം മറ്റ് അഞ്ച് സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒമ്പതുമുതല്‍ ആറുവരെ മാത്രം ഷിഫ്റ്റ് ഉള്ളിടങ്ങളിലും അഭിനയിച്ചിരുന്നു. വ്യക്തിപരമായി ഏത് ഷിഫ്റ്റിലും ജോലി ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ഒന്‍പതുമുതല്‍ ആറുവരെ ഷൂട്ടിങ് ഉള്ള സെറ്റില്‍, ഒന്‍പതാവുമ്പോഴേക്ക് നമ്മള്‍ മേക്കപ്പ് ചെയ്ത് തയ്യാറാകേണ്ടിവരും. അതിനര്‍ഥം 7.30-ന് സെറ്റില്‍ എത്തണം. 6.30-ന് വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവരും. 5.30-നെങ്കിലും എഴുന്നേല്‍ക്കണം. എട്ടുമണിക്കൂര്‍ ഉറക്കം ആരോഗ്യത്തിന് നല്ലതാണെന്ന് പറയും. പക്ഷേ, ഒമ്പതുമുതല്‍ ആറുവരേയുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കുപോലും ആറുമണിക്കൂര്‍ കഷ്ടിച്ചാണ് ഉറക്കം ലഭിക്കുന്നത്. അപ്പോള്‍ ഒമ്പതുമുതല്‍ ഒമ്പതുവരെ ഷിഫ്റ്റാണെങ്കില്‍ ഓര്‍ത്തുനോക്കൂ. അഞ്ചുമണിക്കൂറോ അതില്‍ കുറവോ മാത്രമേ ഉറക്കം ലഭിക്കൂ. ഞങ്ങള്‍ക്ക് മുമ്പെത്തി ഞങ്ങള്‍ക്ക് ശേഷം പോകുന്ന സാങ്കേതികപ്രവര്‍ത്തകരുടെ കാര്യം ഓര്‍ത്തുനോക്കൂ, അവര്‍ക്ക് ഇതിലും കൂടുതല്‍ സമയമെടുക്കും.

ഓരോ ഇന്‍ഡസ്ട്രിയിലും ഇത് വ്യത്യസ്തമാണ്. തമിഴിലും തെലുങ്കിലും സാധാരണയായി ഒമ്പതുമുതല്‍ ആറുവരെയാണ് ഷിഫ്റ്റ്. ചില ലൊക്കേഷനുകളില്‍, പ്രധാനസീനുകള്‍ക്കുവേണ്ടി ഒമ്പതുമുതല്‍ ഒമ്പതുവരെയുള്ള ഷിഫ്റ്റ് ആവശ്യപ്പെട്ടേക്കും. എന്നാല്‍, മലയാളത്തിലും ഹിന്ദിയിലും 12 മണിക്കൂറാണ് ജോലി സമയം. മലയാളത്തില്‍ ബ്രേക്ക് പോലുമില്ല, തുടര്‍ച്ചയായ ഷെഡ്യൂളിലാണ് ജോലി ചെയ്യുന്നത്. അവിടെ ജോലി ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്, അവരെല്ലാം പറയാറുണ്ട് ഇത് എത്ര ബുദ്ധിമുട്ടാണെന്ന്. അവര്‍ മൂന്നോ നാലോ മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. കേരളത്തില്‍ ലൈറ്റ് ബോയ്‌സ് വെറും രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ഉറക്കം ഒരു വലിയ പ്രശ്‌നമാണ്. ഭക്ഷണം പ്രധാനമാണ്, വര്‍ക്കൗട്ട് പ്രധാനമാണ് എന്നൊക്കെ നമ്മള്‍ പറയുന്നതുപോലെ, ഉറക്കവും വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ രണ്ട് ഷിഫ്റ്റിലും ജോലി ചെയ്യും. പക്ഷേ, എട്ട് മണിക്കൂര്‍ ജോലി എന്ന് പറയുന്നതിന് ഒരു കാരണമുണ്ട്’, കീർത്തി സുരേഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button