ട്രെയ്ലര് പുറത്ത് വന്നത് മുതല്‍ രണ്‍വീര്‍ സിങ് നായകനായ ധുരന്ദര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രണ്‍വീറിനൊപ്പം അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആര് മാധവന്, അര്ജുന് രാംപാല്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ധുരന്ദര്‍. ട്രെയ്ലറിലെ വയലന്‍സും ആക്ഷനുമൊക്കെ ഹൈപ്പ് കൂട്ടുന്നതായിരുന്നു. സംഗീതവും സോഷ്യല്‍ മീഡിയയില്‍ ട്രെന്റായിട്ടുണ്ട്.
റിലീസിന് അടുത്തു കൊണ്ടിരിക്കെ പക്ഷെ കടുത്തൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കുകയാണ് ധുരന്ദര്‍. ചിത്രത്തിനെതിരെ സൈനികന് മോഹിത് ശര്‍മയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹിത് ശര്‍മയുടെ ജീവിത കഥയാണ് സിനിമ പറയുന്നത്. സംവിധായകന് ആദിത്യ ധര് ഈ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞുവെങ്കിലും ട്രെയ്ലറില് അത്തരം ചില സൂചനകളുണ്ടായിരുന്നു.
ഇന്ത്യയുടെ സ്പൈ ആയിരുന്നു മേജര്‍ മോഹിത് ശര്‍മ. രാജ്യം അശോക ചക്ര നല്കി ആദരിച്ചിട്ടുള്ള സൈനികന്. എന്നാല്‍ സിനിമയ്ക്കെതിരെ മോഹിത് ശര്‍മയുടെ കുടുംബം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസ് തടയണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സിനിമ മോഹിത് ശര്‍മയുടെ ജീവിതവും അണ്ടര്‍കവര്‍ ഓപ്പറേഷനുമാക്കെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് കരുതപ്പെടുന്നത്. ഒരു രക്തസാക്ഷിയുടെ ജീവിതം വില്‍പ്പന ചരക്കാക്കാന്‍ പാടില്ല. ആ ജീവിതത്തില്‍ നിന്നും സമ്പത്തുണ്ടാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. തങ്ങളുടെ സമ്മതം വാങ്ങാതെയാണ് മോഹിത് ശര്‍മയുടെ ജീവിതം സിനിമയാക്കിയതെന്നും കുടുംബം പറയുന്നുണ്ട്.
സിനിമ തങ്ങളെ കാണിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയുടെ തിരക്കഥയും റോ ഫൂട്ടേജും പ്രൊമോഷണല്‍ മെറ്റീരിയലുകളുമെല്ലാം തങ്ങളെ കാണിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പ്രമുഖ അഭിഭാഷകരായ രൂപേന്ഷു പ്രതാപ് സിങ്, മനീഷ് ശര്‍മ എന്നിവരാണ് കുടുംബത്തിനായി ഹാജരാകുന്നത്. ഡിസംബർ അഞ്ചിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.




