പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറെ നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് ഒരു മാസത്തിനോടുക്കുമ്പോഴും തിയേറ്ററിൽ ആളെ കയറ്റാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഡിസംബർ 5 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിക്കുന്നത്. ക്രിസ്തുമസും ഒടിടിയിൽ ഡീയസ് ഈറെ ആഘോഷമാക്കും എന്നാണ് ആരാധകർ പറയുന്നത്.
ചിത്രം ഉടൻ തന്നെ 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. കഴിഞ്ഞ ദിവസമാണ് ഡീയസ് ഈറെ 50 കോടിയിലധികം രൂപ നേടിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 70 കോടിയിലധികം രൂപ ചിത്രം ആഗോളതലത്തിൽ നേടിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഒരു A സർട്ടിഫിക്കറ്റ് ലഭിച്ച ഹൊറർ സിനിമയ്ക്ക് 10 ദിവസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ കളക്ഷനിൽ മുന്നോട്ട് പോയാൽ ഉടൻ തന്നെ ചിത്രം 100 കോടി നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.
ഈ വർഷം തുടരെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങളും 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. അങ്ങനെ മലയാളത്തിൽ ഈ അപൂർവ്വ നേട്ടം കൈവരിച്ച നടൻ മോഹൻലാൽ ആയി മാറി. ഇപ്പോഴിതാ അതേ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രണവ് മോഹൻലാലും. ‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.




