ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവൻ തിയേറ്റർ അവകാശങ്ങളും ഡിജിറ്റൽ അവകാശങ്ങളും പനോരമ സ്വന്തമാക്കിയെന്നാണ് പുതിയ വിവരം. സോഷ്യൽ മീഡിയയിലൂടെയാണ് പനോരമ സ്റ്റുഡിയോസ് ഇക്കാര്യം പങ്കുവെച്ചത്. എല്ലാ റൈറ്റ്സും പനോരമയ്ക്ക് ആശിർവാദ് സിനിമാസ് നൽകിയതിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. മലയാളം പതിപ്പ് തന്നെ ആദ്യം തിയേറ്ററുകളിൽ എത്തുമോ അതോ ഹിന്ദി ആയിരിക്കുമോ എത്തുക…എന്നിങ്ങനെ ഒരുപാട് സംശയങ്ങളാണ് പ്രേക്ഷകർ ചോദിക്കുന്നത്.
മുൻപ് ഒരു ഇന്റർവ്യൂയിൽ മലയാളം തന്നെയായിരിക്കും ആദ്യം പുറത്തിറങ്ങുക എന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു. എന്നാൽ ഈ അവകാശങ്ങൾ കൈമാറിയ വാർത്ത വന്നതുമുതൽ എല്ലാവരും ആശങ്കയിലാണ്.മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.




