മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച സിനിമകളിൽ ഒന്നാണ് സമ്മർ ഇൻ ബത്‌ലഹേം. സിബി മലയിൽ ഒരുക്കിയ ചിത്രം മലയാളത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ്. സുരേഷ് ഗോപി, ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പുറത്തിറങ്ങി 27 വർഷത്തിനിപ്പുറം വീണ്ടും റീ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ എന്ന അതിഥി വേഷം ഏറെ കയ്യടി വാങ്ങിയിരുന്നു. ഇപ്പോൾ ഈ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് സിബി മലയിൽ.
‘സ്ക്രിപ്റ്റ് എഴുതി ഒരു ഘട്ടം കഴിയുമ്പോഴാണ് രഞ്ജിത്ത് പറയുന്നത് ഒരു കഥാപാത്രം കൂടിയുണ്ടെന്ന്. ജയറാമിനും സുരേഷ് ഗോപിക്കും മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രം വേണമെന്ന് നിർബന്ധമായിരുന്നു. കാരണം മറ്റു രണ്ടു പേരെക്കാളും ആമി അയാളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അയാൾക്ക് ആ രീതിയിൽ ഉള്ള ഒരു നിലയുണ്ടായിരിക്കണം. രജനികാന്ത്, കമൽ ഹാസൻ ഉൾപ്പെടെയുള്ളവരെ ആലോചിച്ചു. പക്ഷെ വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് എന്ന് പറയുന്നത് പോലെ മോഹൻലാൽ ഇവിടെയുള്ളപ്പോൾ എന്തിനാണ് വേറെ ആളെ അന്വേഷിക്കുന്നത്’, സിബി മലയിലിന്റെ വാക്കുകൾ.
സിനിമയുടെ റീ റിലീസ് ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ പുറത്തിറങ്ങുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകൾ റീമാസ്റ്റർ ചെയ്ത ഹൈസ്റ്റുഡിയോസ് ആണ് ഈ സിനിമയും റീമാസ്റ്റർ ചെയ്തു പുറത്തിറക്കുന്നത്. സിയാദ് കോക്കർ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നവയാണ്. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത, എം ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.
പ്രൊഡക്ഷൻ കൺട്രോളർ എം രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ് ബോണി അസ്സനാർ, കലാസംവിധാനം ബോബൻ, കോസ്റ്റ്യൂംസ് സതീശൻ എസ് ബി, മേക്കപ്പ് സി വി സുദേവൻ, കൊറിയോഗ്രാഫി കല, ബൃന്ദ, അറ്റ്മോസ് മിക്സ് ഹരിനാരായണൻ, കളറിസ്റ്റ് ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, പ്രോജക്ട് മാനേജ്മെൻ്റ് ജിബിൻ ജോയ് വാഴപ്പിള്ളി, സ്റ്റുഡിയോ ഹൈ സ്റ്റുഡിയോ, മാർക്കറ്റിംഗ് ഹൈപ്പ്, പിആർഒ പി ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ് അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.




