ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. ഇപ്പോഴിതാ സിനിമയിലെ പ്രിയങ്ക ചോപ്രയുടെ കയറക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവത്തകർ. മഞ്ഞ സാരിയിൽ ഹോട്ട് ലുക്കിൽ കയ്യിൽ തോക്കുമായി ഷൂട്ട് ചെയ്യാൻ നിൽക്കുന്ന പ്രിയങ്കയെയാണ് പോസ്റ്ററിൽ കാണുന്നത്. മികച്ച അഭിപ്രായമാണ് പോസ്റ്ററിന് ലഭിക്കുന്നത്. മന്ദാകിനി എന്നാണ് സിനിമയിൽ പ്രിയങ്കയുടെ ക്യാരക്ടറിന്റെ പേര്. ഏറെക്കാലത്തിന് ശേഷം പ്രിയങ്കാ ചോപ്ര അഭിനയിക്കുന്ന ഇന്ത്യന്‍ ഭാഷാ സിനിമയെന്ന പ്രത്യേകതയും സിനിമയ്ക്കുന്നുണ്ട്.
ഹോളിവുഡ് സിനിമകളിലായിരുന്നു നടി ഏറെക്കാലമായി ഇന്ത്യന്‍ സിനിമയിലേക്ക് പ്രിയങ്കയെ തിരികെ സ്വാഗതം ചെയ്തുകൊണ്ടാണ് രാജമൗലി ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നേരത്തെ പുറത്തുവിട്ട പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്ററിന് അത്ര നല്ല അഭിപ്രായമായിരുന്നില്ല ലഭിച്ചിരുന്നത്. കുംഭ എന്ന വില്ലനെ ആണ് സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വളരെ മോശം പോസ്റ്റർ ആണ് ഇതെന്നും പൃഥ്വിയുടെ തല വെട്ടിയൊട്ടിച്ചത് പോലെയുണ്ടെന്നുമാണ് കമന്റുകൾ. രാജമൗലിയിൽ നിന്ന് ഇതിലും മികച്ച പോസ്റ്റർ പ്രതീക്ഷിച്ചെന്നും അഭിപ്രായങ്ങൾ വന്നിരുന്നു. ഡോക്ടർ ഒക്ടോപസ് ഇന്ത്യൻ വേർഷൻ, 24 ലെ സൂര്യയെ പോലെയുണ്ട് എന്നൊക്കെയാണ് പോസ്റ്ററിന് താഴെ നിറയുന്ന മറ്റു കമന്റുകൾ.
അതേസമയം, ‘ഞാനിതുവരെ ചെയ്തതിൽ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം. മഹേഷ് ബാബു നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്ക ചോപ്ര ഗെയിം ആരംഭിക്കുന്നു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി’ എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വെച്ചാണ് സിനിമയുടെ ലോഞ്ച് എന്നാണ് വിവരം. ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രധാന പ്രഖ്യാപനങ്ങൾ നടത്തും. ഈ പരിപാടി ജിയോഹോട്ട്സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. പരിപാടിക്കായി നിർമ്മിക്കുന്ന 100 അടി ഉയരമുള്ള കൂറ്റൻ എൽഇഡി ടവറിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. റെക്കോർഡ് തുകയ്ക്കാണ് ജിയോഹോട്ട്സ്റ്റാർ ഈ പരിപാടിയുടെ സംപ്രേക്ഷണാവകാശം നേടിയതെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.




