രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം ‘ദി ഗേൾഫ്രണ്ട്’ ബോക്സ് ഓഫിസിൽ മികച്ച തുടക്കം കുറിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ മികച്ച കലക്ഷനാണ് നേടിയത്. ആദ്യ ദിവസം 1.3 കോടി രൂപ നേടിയ ചിത്രം രണ്ടാം ദിവസം ഇരട്ടി കലക്ഷൻ നേടി. ഏകദേശം 2.5 കോടി രൂപയാണ് രണ്ടാം ദിവസത്തെ കലക്ഷനെന്ന് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നു. ഇതുവരെ ആകെ 3.8 കോടിയിലധികം കലക്ഷൻ നേടിയ ചിത്രം രശ്മികയുടെ വൈകാരിക പ്രകടനത്തിലൂടെ പ്രേക്ഷകരെ കീഴടക്കുന്നതായാണ് റിപ്പോർട്ട്. ചിത്രവുമായുള്ള തന്റെ വൈകാരിക ബന്ധം പങ്കുവെച്ചുകൊണ്ട് നടി സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.
‘രാഹുൽ ആദ്യമായി ഈ തിരക്കഥ എനിക്ക് പറഞ്ഞു തന്നപ്പോൾ, ഞാൻ കണ്ണുനീർ പൊഴിച്ചത് ഓർക്കുന്നു. എനിക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ എന്റെ ഹൃദയത്തെ ഞെരുക്കിയ നിരവധി നിമിഷങ്ങളുണ്ടായിരുന്നു. രണ്ട് കാര്യങ്ങൾ പറഞ്ഞാണ് ഞാൻ ഞങ്ങളുടെ മീറ്റിങ്ങിൽ നിന്ന് ഇറങ്ങിപ്പോയത്, ചെയ്യാതിരിക്കുന്നത് പാപമാണെന്ന് എനിക്കറിയാമായിരുന്ന ഒരു തിരക്കഥ, ജീവിതകാലം മുഴുവൻ ഒരു സുഹൃത്ത് -രശ്മിക എഴുതി. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത് ധീരജ് മോഗിലിനേനി എന്റർടൈൻമെന്റ്, മാസ് മൂവി മേക്കേഴ്സ്, ഗീത ആർട്സ് എന്നിവർ ചേർന്ന് നിർമിച്ച ‘ദി ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിൽ ദീക്ഷിത് ഷെട്ടി, അനു ഇമ്മാനുവൽ, റാവു രമേശ്, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിലെ രശ്മിക മന്ദാനയുടെ പ്രകടനത്തിന് വ്യാപകമായ പ്രശംസയാണ് ലഭിക്കുന്നത്.




