മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലുമായി വളരെ അടുത്ത ബന്ധമുണ്ട് ജനാര്ദ്ദനന്. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയിലൊക്കെ എത്തുന്നതിന് മുമ്പേയുള്ള ബന്ധമാണ് ജനാര്‍ദ്ദനനും മോഹന്‍ലാലും തമ്മിലുള്ളത്. മോഹന്‍ലാല്‍ ചെറുപ്പം ആയിരിക്കുമ്പോള്‍ തന്നെ ജനാര്ദ്ദനന് മോഹന്‍ലാലിനെ അറിയാം. ചെറുപ്പത്തില്‍ മോഹന്‍ലാലിനെ സുഹൃത്തുക്കള്‍ വിളിച്ചിരുന്ന പേര് വെളിപ്പെടുത്തുകയാണ് ജനാർദ്ദനന്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ച് ആരുമറിയാത്ത കഥ ജനാര്ദ്ദനന് പങ്കുവെക്കുന്നത്. ആ പേര് താന്‍ മോഹന്‍ലാലിനോടും പോലും പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ ചിലപ്പോള്‍ തല്ലു കിട്ടുമെന്നാണ് ജനാര്ദ്ദനന് പറയുന്നത്.
‘മോഹന്‍ലാല്‍ ചെറുപ്പം ആയിരിക്കെ മുതല്‍ എനിക്ക് അവനെ അറിയാം. അവനെ അന്ന് വിളിച്ചോണ്ടിരുന്ന ഒരു പേരുണ്ട്, അത് പറഞ്ഞാല്‍ എന്നെ അവന് തല്ലും. പഠിച്ചുകൊണ്ടിരുന്ന കാലത്ത് സുന്ദരകുട്ടപ്പന്‍ ആയിരുന്നു. കുറച്ച് വണ്ണം ഒക്കെ ഉണ്ട്. പൂജപ്പുരയിലെ എന്റെ സഹോദരന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഇവന് ഇങ്ങനെ പോകുന്നത് കാണാം. അപ്പോള്‍ അവിടെയുള്ള കുറച്ച് പിള്ളേര് വന്ന് പറഞ്ഞു സാറേ ഇത് വിശ്വനാഥന് സാറിന്റെ മകനാണ്. ഇവനെ പൂവന്‍പഴം എന്നാണ് എല്ലാവരും വിളിക്കുന്നത്. ഇതുവരെ ഞാന്‍ ഇത് മോഹന്‍ലാലിനോട് പോലും പറഞ്ഞിട്ടില്ല. ഞങ്ങള്‍ തമ്മില്‍ അത്രയും ആത്മബന്ധമുണ്ട്’ എന്നാണ് അദ്ദേഹം പറയുന്നത്. ഹൃദയപൂര്‍വ്വത്തിലാണ് ജനാര്‍ദ്ദനനും മോഹന്‍ലാലും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ചത്. സത്യന് അന്തിക്കാട് ഒരുക്കിയ സിനിമ ബോക്സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു. 70 കോടിയലധികമായിരുന്നു ചിത്രം ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മാവന് വേഷത്തിലാണ് ജനാര്ദ്ദനന് എത്തിയത്.




