Malayalam

പ്രമോഷന് വരില്ലെന്ന് ശോഭന പറഞ്ഞു; തുടരുമിൽ ഞാൻ ഡബ്ബ് ചെയ്തത് മാറ്റി :ഭാഗ്യ ലക്ഷ്മി

തരുൺ മൂർത്തി സംവിധാനത്തിൽ ശോഭനയും മോഹൻലാലും ഒന്നിച്ചെത്തിയ ചിത്രമാണ് തുടരും. സിനിമയിൽ ശോഭനയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരുന്നത് നടി തന്നെ ആയിരുന്നു. എന്നാൽ നടിയ്ക്ക് മുന്നേ ആ കഥാപാത്രത്തിന് ശബ്ദം നൽകിയത് ഭാഗ്യ ലക്ഷ്മിയായിരുന്നുവെന്നും തന്റെ ശബ്‍ദം നൽകിയില്ലെങ്കിൽ സിനിമയുടെ പ്രമോഷന് വരില്ലെന്ന് ശോഭന പറഞ്ഞത് കൊണ്ടാണ് തന്റെ ശബ്ദം സിനിമയിൽ നിന്ന് ഒഴിവാക്കിയതെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. നായികയായി ശോഭനയെ തീരുമിച്ചപ്പോൾ തന്നെ നടി തന്നെ ഡബ്ബ് ചെയ്യുമെന്ന് തീരുമാനിച്ചതായി തരുൺ മൂർത്തി പറഞ്ഞിരുന്നത് നുണ ആണെന്നും ഭാഗ്യ ലക്ഷ്മി കൂട്ടിച്ചേർത്തു. സൈന സൗത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യ ലക്ഷ്മിയുടെ പ്രതികരണം.

‘എന്റെ ശബ്ദം വേണ്ടായെന്ന് ഇതുവരെ ഒരു ആർട്ടിസ്റ്റും പറഞ്ഞു ഞാൻ കേട്ടിട്ടില്ല. പക്ഷെ അടുത്തിടെ എനിക്ക് ഒരു വിഷമം ഉണ്ടായി. എല്ലാവർക്കും അറിയാം ശോഭനയുടെ ഒട്ടുമിക്ക സിനിമകളിലും ഞാൻ ആണ് ഡബ്ബ് ചെയ്തിട്ടുള്ളത്. എന്റെ ശബ്ദമാണ് അവർക്ക് നന്നായി ചേരുന്നത് എന്നും പറയാറുണ്ട്. തുടരും സിനിമയും ഞാൻ ഡബ്ബ് ചെയ്തതാണ്. ഇത് പറയണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്ന വിഷയം ആണ്. കാരണം, തുടരും സിനിമ ഡബ്ബിങിന് വിളിച്ചപ്പോൾ ഞാൻ ചോദിച്ചു നിങ്ങൾ ഡബ്ബിങ് തുടങ്ങിയിട്ട് കുറേ ആയില്ലേ എന്ന്. എല്ലാവരും ചെയ്‌തു, ലാൽ സാർ എല്ലാം കഴിഞ്ഞു, ചേച്ചി മാത്രമേയുള്ളൂ ബാക്കിയെന്ന് അവർ എന്നോട് പറഞ്ഞു. തമിഴ് ക്യാരക്ടർ ആണെന്ന് പറഞ്ഞപ്പോൾ ശോഭനനന്നായി തമിഴ് സംസാരിക്കില്ലേ അവരെക്കൊണ്ട് തന്നെ ചെയ്യിപ്പിച്ചൂടെ എന്ന് ഞാൻ അങ്ങോട്ട് ചോദിച്ചു. ശോഭനയ്ക്കും സ്വന്തമായി ഡബ്ബ് ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷെ ഞങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചു അത് വേണ്ട ഭാഗ്യ ചേച്ചി മതി എന്ന് എന്നാണ് അവർ എന്നോട് പറയുന്നത്. ഞാൻ ഡബ്ബ് ചെയ്യാനായി പോയി.

ഞാൻ ഇത് ശോഭന ചെയ്‌താൽ പോരെ എന്ന് ചോദിച്ചപ്പോഴും ഇല്ല ചേച്ചി തന്നെ ചെയ്യണം എന്നാണ് തരുൺ മൂർത്തിയും സുനിലും എന്നോട് പറഞ്ഞത്. ഫുൾ പിക്ചർ ഞാൻ ഡബ്ബ് ചെയ്‌തു. ക്ലൈമാക്സ് അലറി നിലവിളിച്ച് വളരെ എഫോർട്ട് എടുത്ത് ചെയ്‌തു. ഒരു വിലപേശലും ഇല്ലാത്ത മുഴുവൻ പേയ്മെറ്റും തന്നു. എല്ലാം കഴിഞ്ഞു, പടം റിലീസ് ആകുന്നില്ല, ഞാൻ ഒരു ദിവസം രഞ്ജിത്തിനെ വിളിച്ച് ചോദിച്ചു എന്താണ് പടം റീലീസ് ചെയ്യാത്തത് എന്ന്. അപ്പോൾ എന്നോട് അദ്ദേഹമാണ് പറയുന്നത്, ചേച്ചിയുടെ വോയിസ് മാറ്റി, ശോഭന തന്നെ ഡബ്ബ് ചെയ്തുവെന്ന്. എന്നെ വിളിച്ച് പറയാനുള്ള മര്യാദ നിങ്ങൾക്ക് ഇല്ലേയെന്ന് ഞാൻ ചോദിച്ചു. അപ്പോൾ എന്നോട് അവർ ഓപ്പൺ ആയി പറഞ്ഞു ശോഭന പറഞ്ഞു അവർ ഡബ്ബ് ചെയ്തില്ലെങ്കിൽ പ്രമോഷൻ ചെയ്യാൻ വരില്ലെന്ന്. അപ്പോൾ അത് അവർ ശോഭനയെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു.

അതെല്ലാം ഓക്കേ ആണ്, പക്ഷെ ഇത്രയും സിനിമകൾ ഡബ്ബ് ചെയ്ത ഒരു ഡബ്ബിങ് ആർട്ടിസ്റ് എന്ന നിലയിൽ ശോഭനയ്ക്ക് എന്നെ വിളിച്ച് ഒന്ന് പറയാമായിരുന്നു. അത് അവർ പറഞ്ഞില്ല, പ്രൊഡ്യൂസർ, ഡയറക്ടർ, ആരും പറഞ്ഞില്ല. എന്നിട്ട് തരുൺ മൂർത്തി ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടു ശോഭനയാണ് സിനിമയിൽ എന്ന് തീരുമാനിച്ചപ്പോഴേ അവർ തന്നെ ഡബ്ബ് ചെയ്യുമെന്നും തീരുമാനിച്ചിരുന്നുവെന്ന്. അങ്ങനെ കൂടെ നുണ പറയുന്നത് കേട്ടു. അതിൽ ഒരു വീഡിയോ ഒന്നും ചെയ്ത് വൈറലാക്കാൻ എനിക്ക് താല്പര്യം ഇല്ല. പടം ഞാൻ ഫസ്റ്റ് ഡേ തന്നെ തിയേറ്ററിൽ കാണാൻ പോയിരുന്നു. ക്ലൈമാക്സിൽ എന്റെ വോയിസ് ഉപയോഗിച്ചിട്ടുണ്ട്, കാരണം എനിക്ക് നന്നായിട്ട് അറിയാം അത്രയും അലറി കരയാൻ ഒന്നും ശോഭനയ്ക്ക് പറ്റില്ല, കാരണം അവർക്ക് അങ്ങനെ ചെയ്ത് എക്സ്പീരിയൻസ് ഇല്ല. ഡയലോഗുകൾ പറഞ്ഞിട്ടുണ്ടെങ്കിലും അലറലും കരച്ചിലും എന്റേതാണ്. എന്റെ ശബ്ദം മാറ്റിയപ്പോൾ വിളിച്ച് പറയാനുള്ള മര്യാദ അവർ എന്നോട് കാണിച്ചില്ല എന്നതിൽ എനിക്ക് നല്ല സങ്കടം ഉണ്ട്; ഭാഗ്യ ലക്ഷ്മി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button