Malayalam

വലിയ താരങ്ങളും പ്രചരണവും ഇല്ലാത്തത് കൊണ്ട് സിനിമ കാണാതെ പോകരുത്; പ്രൈവറ്റിനെക്കുറിച്ച് ശ്രീജിത്ത് ദിവാകരൻ

ഇന്ദ്രൻസും മീനാക്ഷിയും ഒന്നിക്കുന്ന ‘പ്രൈവറ്റ്’ എന്ന സിനിമയെ അഭിനന്ദിച്ച് ശ്രീജിത്ത് ദിവാകരൻ. ഗൗരവമേറിയ ഒരു കഥാസന്ദർഭത്തെ ജൈവികമായ സംഭാഷങ്ങണങ്ങളും സന്ദർഭങ്ങളും ചേർന്ന സീനുകളിലൂടെയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ശ്രീജിത്ത് ദിവാകരൻ കുറിച്ചു. സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് ലഭിച്ച കട്ടുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. നിശബ്ദമാക്കപ്പെടുന്ന ശബ്ദങ്ങളെ കുറിച്ച് സംസാരിക്കുന്ന ഈ ചിത്രത്തിലെ സംഭാഷണങ്ങൾ നിശബ്ദമാക്കപ്പെടുന്നു എന്നതാണ് നമ്മുടെ കാലമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സ്വാതന്ത്ര്യം സ്വപ്‌നം കാണുന്ന, വലിയൊരു ജീവിതം മുഴുവൻ ചിരിയും സമാധാനവും സന്തോഷവും ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിക്ക് രണ്ടാം വർഷ ഡിഗ്രിയുടെ പ്രായമാകുമ്പോഴേയ്ക്കും തന്റെ വിവാഹം നിശ്ചയിക്കപ്പെടുന്നുവെന്ന് തിരിച്ചറിയുമ്പോൾ എന്ത് തോന്നും? ആലോചനകളൊന്നുമില്ലാതെ ചിലപ്പോൾ അവൾ ഇറങ്ങി പുറപ്പെടും. തുല്യനീതിയും വിവേചന രഹിതമായ സമൂഹവും സ്വപ്‌നം കാണുന്ന ഒരാൾ അനീതി മഴ പോലെ പെയ്യുന്നത് കാണുമ്പോൾ എന്ത് ചെയ്യും? ആലോചിച്ച് തന്നെ അയാൾ സാഹസങ്ങൾക്കായി തയ്യാറായേക്കും. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മനുഷ്യരുടെ ഒടുങ്ങാത്ത ദാഹമാണത്.

ഒരു ചെറിയ സിനിമ നമ്മളോട് അത് പറയുന്നു. അതീവ ഗൗരവത്തിൽ, അതീവ പ്രധാന്യത്തോടെ. മീനാക്ഷി, ഇന്ദ്രൻസ് എന്നീ രണ്ട് താരങ്ങൾ മാത്രമുള്ള, 90 ശതമാനം ഫ്രേമുകളിലു ഇരുവരും മാത്രമുള്ള രണ്ട് മണിക്കൂറിലേറെ നീണ്ട സിനിമ. ആ മലയാള സിനിമ അവസാനം പ്രൊഫ.ഗോവിന്ദ് പൻസാരയുടേയും ഡോ.കൽബുർഗിയുടേയും നരേന്ദ്ര ധബോൽക്കറുടേയും ഗൗരിലങ്കേഷിന്റേയും പേരുകളും ചിത്രങ്ങളും എഴുതിക്കാണിച്ച്, അവർക്കായി സമർപ്പിക്കുന്നു. നോക്കൂ, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ഈ ചിത്രത്തിൽ പലയിടത്തും നമുക്ക് മ്യൂട്ടുകൾ കാണാം. ഡയലോഗുകൾ നിശബ്ദമാക്കപ്പെട്ടിരിക്കുന്നു. മുസ്ലീം എന്നോ, ഹിന്ദുത്വ, എന്നോ പൗരത്വ ബില്ലിനെതിരെയുള്ള സമരമെന്നോ കർഷക പ്രക്ഷോഭമെന്നോ ഒന്നും സിനിമ ചർങച്ച ചെയ്യുന്നതിൽ സെൻസർ ബോർഡിന് പ്രശ്‌നമുണ്ട്.

യു.എ.പി.എ ചുമത്തപ്പെട്ട ഒരാൾ മോചിതനാകുന്നതും മുസ്ലീം പേരുള്ളയാൾ തുടർന്നും കസ്റ്റഡിയിൽ തുടരുന്നതും ഇന്ത്യയിലൊരു പുതു കാര്യമേ അല്ല, പുസ്തകത്തിന്റെ പേരിൽ, അഭിപ്രായം തുറന്ന് പറഞ്ഞതിന് കൊല്ലപ്പെടുന്നതും പുതിയ കാര്യമല്ല. നിശബ്ദമാക്കപ്പെടുന്ന ശബ്ദങ്ങളെ കുറിച്ച് സംസാരിക്കുന്ന ഈ ചിത്രത്തിലെ സംഭാഷണങ്ങൾ നിശബ്ദമാക്കപ്പെടുന്നു എന്നതാണ് നമ്മുടെ കാലം. ഇത്രയേറെ ഗൗരവമേറിയ ഒരു കഥാസന്ദർഭത്തെ തികച്ചും ജൈവികമായ സംഭാഷങ്ങണങ്ങളും സന്ദർഭങ്ങളും ചേർന്ന സീനുകളിലൂടെ ഒരു സിനിമയാക്കി മാറ്റിയിരിക്കുന്നുവെന്നാണ് പ്രൈവറ്റിന്റെ പ്രത്യേകത. മീനാക്ഷിയും ഇന്ദ്രൻസും അത്യുഗ്രനാണ്. ഉഗ്രൻ ഡയലോഗ് ഡെലിവറികൾ, ഉജ്ജ്വല പെർഫോമൻസ്. വിശദമായി എഴുതണം എന്നുണ്ട്. പക്ഷേ കഴിയുന്നവർ കാണണം. വലിയ താരങ്ങളും വലിയ പ്രചരണവും ഇല്ലാത്തത് കൊണ്ട് സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്ന ഒരു മലയാള സിനിമ കാണാതെ പോകരുത്.

9 മാറ്റങ്ങൾ വരുത്തിയതിന് ശേഷം ആണ് സിനിമ തിയേറ്ററുകളിൽ എത്തിയത്. തീവ്ര ഇടത് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് സെൻസർ ബോർഡ് സിനിമയ്ക്ക് നേരെ കട്ട് പറഞ്ഞിരിക്കുന്നത്. എൻ ആർ സി അടക്കമുള്ള വിഷയങ്ങൾ സിനിമയിൽ പരാമര്‍ശിച്ചതിനെതിരെയും സിബിഎഫ്സി നിലപാടെടുത്തു. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീറാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. തജു സജീദാണ് ലൈൻ പ്രൊഡ്യൂസർ, പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രമായ കളങ്കാവൽ അടക്കം നിരവധി ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button