രാവണപ്രഭുവിന്റെ ജൈത്രയാത്ര തിയേറ്ററുകളിൽ തുടരുകയാണ്. റീ റിലീസ് സിനിമകളുടെ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് മോഹൻലാൽ ചിത്രം. ഇപ്പോഴിതാ രാവണപ്രഭു പ്രദർശനം നടത്തുന്ന കോഴിക്കോട് അപ്സര തിയേറ്ററിലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. രാവണപ്രഭുവിന്റെ ഇന്റർവെൽ സമയത്ത് മമ്മൂട്ടിയുടെ പുതിയ ചിത്രം കളങ്കാവലിന്റെ ടീസർ കാണിച്ചു. മമ്മൂട്ടിയെ സ്‌ക്രീനിൽ കാണിച്ചപ്പോൾ വലിയ ആരവവും കയ്യടിയുമാണ് ഉണ്ടായത്.
‘ഇതാണ് ഞങ്ങൾ മലയാളികൾ’, ‘ഞങ്ങൾക്ക് ഇക്കയും ലാലേട്ടനും ഒരുപോലെയാണ്’,’ലാലേട്ടന്റെ സ്വന്തം ഇച്ചാക്ക വേഗം തിരിച്ചുവരട്ടെ’, എന്നിങ്ങനെ നീളുന്ന നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. കോഴിക്കോട് അപ്സര തിയേറ്ററിലെ ഈ വീഡിയോ ഒരുപാട് സിനിമ പ്രവർത്തകരും പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമയെ കൊണ്ടുപോകുന്ന ഈ രണ്ടു പേരെയും പ്രേക്ഷകർ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ വീഡിയോ എന്നും ചിലർ കുറിച്ചു.
അതേസമയം, രാവണപ്രഭുവിനെ ആഘോഷിക്കുന്ന ആരാധകരുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. റീലീസ് ചെയ്ത് രണ്ട് ദിവസം പൂർത്തിയാകുമ്പോൾ സിനിമയുടെ കളക്ഷൻ കണക്കുകളാണ് പുറത്തു വരുന്നത്. 1.45 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റീലീസ് ചെയ്ത് ആദ്യ ദിവസം 70 ലക്ഷം ആയിരുന്നു സിനിമയുടെ കളക്ഷൻ എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ടാം ദിവസം 72 ലക്ഷത്തിലധികം സിനിമ നേടിയിട്ടുണ്ടെന്നാണ് സൂചന. അങ്ങനെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം സ്വന്തമാക്കിയിരിക്കുന്നത് 1.42 കോടിയാണ്. ഇന്നലത്തെ കളക്ഷനോടെ സിനിമ 2 കോടി മറകടക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഉയരാനാണ് സാധ്യത.




