വാർ 2 റിലീസിന് ശേഷം ചിത്രത്തെക്കുറിച്ചും അതിൽ പ്രവർത്തിച്ച ഓർമകളുടെ കുറിപ്പുമായി ബോളിവുഡ് നടൻ ഹൃതിക് റോഷൻ. കബീർ ആയി അഭിനയിക്കുന്നത് തനിക്ക് രസമായിരുന്നുവെന്നും തന്റെ ജോലി ശരിയായി തന്നെ ചെയ്തിട്ടുണ്ടെന്നും നടൻ പറഞ്ഞു. കൂടാതെ എല്ലാ സിനിമയും ഒരു ടോർച്ചറും ട്രോമയും ആവേണ്ടതല്ല വിശ്രമിക്കുവെന്നും നടൻ കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിലാണ് ഹൃതിക് പോസ്റ്റ് പങ്കുവെച്ചത്. ‘കബീർ ആയി അഭിനയിക്കുന്നത് എനിക്ക് വളരെ രസമായിരുന്നു. നന്നായി റിലാക്സ് ചെയ്ത് ആ കഥാപാത്രത്തെ അറിഞ്ഞാണ് ചെയ്തത്. ഒടുവിൽ, മറ്റു പലരും ചെയ്യുന്നതുപോലെ എനിക്കും ചെയ്യാൻ കഴിയുന്ന ഒരു സിനിമ, ലളിതമായി ചെയ്യുക, നടനെ അവതരിപ്പിക്കുക, എന്റെ ജോലി ചെയ്യുക, വീട്ടിലേക്ക് മടങ്ങുക.
അത് അങ്ങനെ തന്നെയായിരുന്നു. എന്റെ സംവിധായകൻ അയാൻ എന്നെ നന്നായി ഡീൽ ചെയ്തു. സെറ്റിൽ അദ്ദേഹത്തിന്റെ ഊർജ്ജം പറഞ്ഞറിയിക്കാൻ കഴിയാത്തത് ആയിരുന്നു. എല്ലാം വളരെ പെർഫെക്റ്റ് ആയി തോന്നി ഒരു ഷ്യുവർ ഷോട്ട് പരിപാടി വിഷമിക്കേണ്ട കാര്യമില്ല, എന്റെ ജോലി ശരിയായി ചെയ്യേണ്ടതുണ്ട്. തീർച്ചയായും ഞാൻ അത് ചെയ്തു. പക്ഷേ ആ അഹങ്കാരപരമായ ഉറപ്പിന് പിന്നിൽ എന്തോ ഒന്ന് ഒളിഞ്ഞിരുന്നു. ഞാൻ നിരന്തരം മറച്ചുവെച്ച ഒന്ന്. എനിക്കിത് വളരെ നന്നായി അറിയാം. ഞാൻ അത് അർഹിക്കുന്നു എന്ന് പറയുന്ന മറ്റൊരു സിനിമ, എല്ലാ സിനിമയും ഒരു ടോർച്ചറും ട്രോമയും ആവേണ്ടതല്ല, വിശ്രമിക്കൂ’, ഹൃതിക് കുറിച്ചു.
അതേസമയം, വാർ 2 തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാതെ തകർന്നിരിക്കുകയാണ്. 400 കോടി ബജറ്റിൽ എത്തിയ ചിത്രം മുടക്കു മുതൽ പോലും നേടാനാകാതെ തിയേറ്ററിൽ വീണിരിക്കുകയാണ്. ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നായ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് വാർ 2. നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 9ന് സിനിമ സ്ട്രീമിങ് ആരംഭിക്കും. തിയേറ്ററിൽ പാളിയ സിനിമയ്ക്ക് ഒടിടിയിൽ മികച്ച പ്രതികരണം നേടാൻ ആകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സിനിമയുടെ വി എഫ് എക്സ് നിരാശയാണെന്നും എന്നാൽ സിനിമയുടെ ക്ലൈമാക്സ് മികച്ചു നിൽക്കുന്നുണ്ടെന്നും ആരാധകർ പറഞ്ഞിരുന്നു.