ബേസിൽ ജോസഫിനെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്ത സിനിമയാണ് ഫാലിമി. ഒരു കോമഡി ഫാമിലി ഡ്രാമയായി ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിലും വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ നിതീഷിന്റെ അടുത്ത സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ‘തലൈവർ തമ്പി തലൈമയിൽ’ എന്ന് പേരിട്ടിരിക്കുന്ന സിനിമ തമിഴിലാണ് ഒരുങ്ങുന്നത്, ജീവയാണ് സിനിമയിൽ നായകനായി എത്തുന്നത്. ഒരു കോമഡി ഫാമിലി ഡ്രാമയാണ് സിനിമ എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്നത്. പ്രേമലു, ആലപ്പുഴ ജിംഖാന എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിഷ്ണു വിജയ് ആണ് ഈ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ രവി ആണ് ഈ സിനിമ നിർമിക്കുന്നത്. സാൻജോ ജോസഫ്, നിതീഷ് സഹദേവ്, അനുരാജ് എന്നിവർ ചേർന്നാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ഒരു തമിഴ് സിനിമ ചെയ്യുക എന്നത് എന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു, സഹോദരൻ ജീവയെ കണ്ടുമുട്ടിയപ്പോൾ അത് യാഥാർത്ഥ്യമായി’, എന്നായിരുന്നു ചിത്രത്തിന്റെ പൂജ സ്റ്റില്ലുകൾ പങ്കുവെച്ചുകൊണ്ട് നിതീഷ് സഹദേവ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതേസമയം, ഫാലിമിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി നിതീഷ് ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയും, കാവ്യാ ഫിലിംസും ചേർന്നാണ്. ഒരു പക്കാ മാസ് ആക്ഷൻ സിനിമയാണ് ഇതെന്ന സൂചനയാണ് സിനിമയെക്കുറിച്ച് പുറത്തുവന്നത്.
എന്നാൽ സിനിമയുടെ ചിത്രീകരണം ചില കാരണങ്ങളാൽ നീട്ടിവെക്കുകയായിരുന്നു. അസുഖത്തെത്തുടർന്ന് മമ്മൂട്ടി സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരുന്നു. ഇതാണ് സിനിമ നീട്ടിവെക്കാനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ.അതേസമയം, ഒരു ഇടവേളക്ക് ശേഷം മമ്മൂട്ടി ഇന്ന് ഹൈദരാബാദിൽ മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്തു. പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ. മഹേഷ് നാരായണൻ സിനിമ പാട്രിയറ്റ് വിഷുവിന് തിയേറ്ററുകളിലേക്ക് എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ഹൈദരാബാദ് ഷെഡ്യൂളിന് ശേഷം യുകെയിലും ഷൂട്ടിങ് ഉണ്ടാകുമെന്നും അറിയിച്ചു.