ഒരു പരിധി വരെ താൻ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബോബി തന്നെയാണെന്ന് നടൻ ഷെയിൻ നിഗം. അത് തനിക്ക് ഭയങ്കര ഇഷ്ട്ടപ്പെട്ട കഥാപാത്രവും സിനിമയാണെന്നും ആ കാലഘട്ടം എന്നും തന്റെ ഓർമയിൽ ഉണ്ടാകുമെന്നും നടൻ പറഞ്ഞു. ‘ഞാനൊരു പരിധി വരെ ബോബി എന്ന കഥാപാത്രം തന്നെയാണ്. ലഗൂൺ ചിൽ എന്ന പാട്ടാണ് ആ സിനിമയുടെ കാര്യം പറയുമ്പോൾ മനസിലേക്ക് വരുക. എനിക്ക് ഭയങ്കര ഇഷ്ട്ടപ്പെട്ട കഥാപാത്രവും സിനിമയുമാണ് കുമ്പളങ്ങി നൈറ്റ്സ്. ഒരു Breezy, Cool ടൈം അതാണ് എനിക്ക് കുമ്പളങ്ങി നൈറ്റ്സ്, എന്ത് പ്രഹസനമാണ് സജി, കിഡ്‌നി വേണോ?, ഇതൊക്കെ പിന്നീട് ഹിറ്റ് ആകുമെന്ന് ഓർത്ത് പറഞ്ഞ ഡയലോഗുകൾ അല്ല. ആ കാലഘട്ടം എന്നും ഓർമയിൽ ഉണ്ടാകും, എനിക്ക് വളരെ സ്പെഷ്യൽ ആണ് ആ സിനിമ’, ഷെയിൻ നിഗം പറഞ്ഞു.
അതേസമയം, ഷെയിൻ നിഗം നായകനായി എത്തിയ ‘ബൾട്ടി’ തിയേറ്ററുകൾ മികച്ച സ്വീകാര്യത ലഭിച്ച് മുന്നേറുകയാണ്. ആദ്യ ദിനം മുതൽ ഗംഭീര പ്രതികരണം ലഭിച്ച ചിത്രത്തിൽ ഒരു വലിയ താരനിര തന്നെയുണ്ട്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബൾട്ടി. ഷെയ്ൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും എത്തുന്നുണ്ട്.