ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അവതാർ പരമ്പരയിലെ മൂന്നാം ചിത്രം അവതാർ ഫയർ ആൻഡ് ആഷിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. മുൻ ചിത്രങ്ങളിൽ ഉപയോഗിച്ചിരുന്ന മോഷൻ ക്യാപ്ച്ചർ സാങ്കേതിക വിദ്യ വീണ്ടും മികവോടെ വികസിപ്പിക്കുകയും, സിജിഐയിൽ കൂടുതൽ ഡീറ്റെയ്ലുകൾ കൂട്ടിച്ചേർത്തുമായാണ് പുതിയ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യ രണ്ട് ചിത്രങ്ങളിൽ മനുഷ്യരും പാൻഡോറ എന്ന സാങ്കൽപ്പിക ഗ്രഹത്തിലെ ‘നാവി’ ജനങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു പ്രമേയമെങ്കിൽ ഇത്തവണ നാവി വർഗക്കാർക്കിടയിൽ തന്നെയുള്ള മറ്റുള്ളവരും ആയുള്ള പോരാട്ടമാണ് വിഷയമാക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ട്രെയ്ലറും 20th സെഞ്ചുറി ഫോക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിട്ടുണ്ട്.
സൊ സാൽഡാന, സാം വർത്തിങ്ടൺ, സിഗോർണി വീവർ, സ്റ്റീഫൻ ലാങ്, ഊന ചാപ്ലിൻ, കെയ്റ്റ് വിൻസ്ലെറ്റ്, മിഷേൽ യോ, ഡേവിഡ് തേവലിസ് തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിനുണ്ട്. അവതാർ : ദി വേ ഓഫ് വാട്ടർ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ ഫയർ ആൻഡ് ആഷിന്റെ ചിത്രീകരണം അവസാനിപ്പിച്ചിരുന്നു ജെയിംസ് കാമറൂൺ. ഗെയിം ഓഫ് ത്രോൺസ് സീരീസിലൂടെ ശ്രദ്ധേയായ ഊന ചാപ്ലിനാണ് ചിത്രത്തിൽ വില്ലത്തിയുടെ വേഷം അവതരിപ്പിക്കുന്നത്. താരം ഇതിഹാസ നടൻ ചാർളി ചാപ്ലിന്റെ കൊച്ചുമകൾ കൂടിയാണ്. 3000 കോടി രൂപ മുതൽമുടക്കിലൊരുക്കിയിരിക്കുന്ന അവതാർ : ഫയർ ആൻഡ് ആഷ് ഡിസംബർ 16 ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും.