മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ കാലം തുടരുകയാണ്. ബോക്സ് ഓഫീസില്‍ മോഹന്‍ലാലിന്റെ കാലം അവസാനിക്കുന്നില്ല. റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും തിരുത്തുകയും ചെയ്യുന്നത് തുടരുകയാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ അപൂര്‍വ്വമായൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കൂട്ടുകെട്ട് കാലങ്ങള്‍ക്ക് ശേഷം ഒരുമിച്ച ഹൃദയപൂര്‍വ്വവും 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. ഇതോടെ ഈ വര്‍ഷം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ മോഹന്‍ലാല്‍ ചിത്രമായിരിക്കുകയാണ് ഹൃദയപൂര്‍വ്വം. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാര നേട്ടത്തിന് പിന്നാലെയാണ് ഹൃദയപൂര്‍വ്വത്തിന്റെ നൂറ് കോടി ക്ലബ്ബിലെ എന്ട്രിയെന്നത് മോഹന്‍ലാലിനും ആരാധകര്‍ക്കും ഇരട്ടി മധുരമായിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് ഒരു നടന്റെ മൂന്ന് സിനിമകള്‍ ഒരേ വര്‍ഷം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുന്നത്.
എമ്പുരാനിലൂടെ ഇന്‍ഡസ്ട്രി ഹിറ്റ് നേടിക്കൊണ്ടാണ് ഈ വര്‍ഷം മോഹന്‍ലാല്‍ ആദ്യം നൂറ് കോടി ക്ലബില്‍ ഇടം നേടുന്നത്. പിന്നാലെ തുടരും എന്ന ചിത്രത്തിലൂടേയും നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. കേരളത്തില്‍ നിന്ന് മാത്രം നൂറ് കോടി നേടിയ ആദ്യ മലയാള ചിത്രമായിരുന്നു തുടരും. എമ്പുരാന്റേയും തുടരുമിന്റേയും നേട്ടങ്ങളെ കല്യാണി പ്രിയദര്ശന് നായികയായ ലോക ചാപ്റ്റര്‍ 1: ചന്ദ്ര മറി കടന്നുവെങ്കിലും തന്റെ തിളക്കം ഒട്ടും കുറയാതെ നിലനിര്‍ത്താന്‍ മോഹന്‍ലാലിന് ഹൃദയത്തിലൂടെ സാധിച്ചു. ലോകയുടെ അസാധാരണ വിജയത്തിലും തീയേറ്ററിലേക്ക് ആളെയെത്തിക്കാന്‍ ഹൃദയപൂര്‍വ്വത്തിന് സാധിച്ചു.
എമ്പുരാന് 268 കോടിയും തുടരും 235 കോടിയുമാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. പിന്നാലെയാണ് ഹൃദയപൂര്‍വ്വം നൂറ് കോടി ക്ലബ്ബിലെത്തിയത്. ”ഹൃദയപൂര്‍വ്വം സിനിമ നിങ്ങളുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്തതിന് നന്ദി. കുടുംബങ്ങള്‍ ഒത്തുചേരുന്നതും പുഞ്ചിരിക്കുന്നതും ചിരിക്കുന്നതും ഞങ്ങള്‍ക്കൊപ്പം കണ്ണുനീര് പൊഴിക്കുന്നതും കാണുന്നതും ശരിയ്ക്കും ഹൃദയസ്പര്‍ശിയായി തോന്നി. നിങ്ങള്‍ കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും വാക്കുകള്‍ക്കതീതമായി നന്ദിയുണ്ട്” എന്നാണ് സന്തോഷം പങ്കിട്ട് മോഹന്‍ലാല്‍ കുറിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന് അന്തിക്കാടും ഒരുമിച്ച ചിത്രമാണ് ഹൃദയപൂര്‍വ്വം. മാളവിക മോഹനന്, സംഗീത് പ്രതാപ്, സംഗീത, ലാലു അലക്സ്. സിദ്ധീഖ്, ബാബുരാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. അതേസമയം ചിത്രം നാളെ, സെപ്തംബര്‍ 26ന് ഒടിടിയിലെത്തും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.