നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ട്രെയ്‌ലർ റിലീസിന് പിന്നാലെ സിനിമയ്ക്ക് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടുകയാണ്.
ഇഡ്‌ലി കടൈയുടെ ട്രെയ്‌ലർ മലയാള ചിത്രമായ ഉസ്താദ് ഹോട്ടലിനെ ഓർമിപ്പിക്കുന്നു എന്നും രണ്ടും സിനിമകളുടെയും കഥ ഒരുപോലെ തോന്നുന്നു എന്നാണ് കമന്റുകൾ. ഉസ്താദ് ഹോട്ടൽ ഫ്രീയായി ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാകുമ്പോൾ എന്തിനാണ് ഈ സിനിമ കാശ് കൊടുത്തു പോയി കാണുന്നതിനും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഉസ്താദ് ഹോട്ടൽ ഒരു മാസ്റ്റർപീസ് സിനിമയാണെന്നും ഇഡ്‌ലി കടൈയ്ക്ക് ഒരിക്കലും ആ സിനിമയ്ക്കൊപ്പം എത്താൻ സാധിക്കില്ലെന്നും പല തമിഴ് പ്രേക്ഷകർ കുറിക്കുന്നുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലിൽ ജോലി ചെയ്യുന്ന നായകൻ ഒരു ഘട്ടത്തിൽ തന്റെ അച്ഛൻ നടത്തിയിരുന്ന ഇഡ്‌ലി കടൈയിലേക്ക് തിരിച്ചുപോകുന്നതും അത് ഏറ്റെടുത്ത് നടത്തുന്നതുമാണ് ധനുഷ് ചിത്രത്തിന്റെ പ്രമേയം. ഒരു ഫീൽ ഗുഡ് സ്വഭാവത്തിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
ചിത്രത്തിൽ അരുൺ വിജയ്‍യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ബോക്സറുടെ വേഷത്തിലാണ് അരുൺ വിജയ് എത്തുന്നതെന്നാണ് നേരത്തെ പുറത്തുവന്ന പോസ്റ്റർ സൂചിപ്പിക്കുന്നത്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ. പാ പാണ്ടി, രായന്‍, നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളാണ് നേരത്തെ ധനുഷ് സംവിധാനം ചെയ്തത്. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് ‘ഇഡ്‌ലി കടൈ’ നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജി വി പ്രകാശ് കുമാറാണ് സംഗീതം.