മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 ഇന്ന് ആരംഭിച്ചു. പൂത്തോട്ട ലോ കോളേജിൽ ആണ് സിനിമ പൂജയോടെ ആരംഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. ഒരു സാധാരണ സിനിമയാണ് ദൃശ്യം 3 എന്നും അമിത പ്രതീക്ഷയോടെ ആരും വരരുതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ ജീത്തു ജോസഫ് പറഞ്ഞു. ‘ഇതൊരു നല്ല സിനിമയാണ് അമിത പ്രതീക്ഷകളോടെ ആരും വരരുത്. ജോർജ് കുട്ടിയുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന കഥയാണ് ഞങ്ങൾ പറയുന്നത്’.
ഒപ്പം മോഹൻലാലിന്റെ പുരസ്ക്കാരനേട്ടത്തിനെക്കുറിച്ചും ജീത്തു സംസാരിച്ചു. ‘ഞങ്ങൾക്കെല്ലാവർക്കും നിങ്ങളെക്കുറിച്ച് അഭിമാനമുണ്ട് എന്നാണ് ഇന്നലെ ലാലേട്ടൻ വിളിച്ചപ്പോൾ പറഞ്ഞത്. സിനിമയിൽ മാത്രമല്ല സമൂഹത്തിലും ഒരുപാട് സംഭാവനകൾ നൽകിയ ആളാണ് മോഹൻലാൽ. എല്ലാരീതിയിലും ആ അവാർഡ് മോഹൻലാലിന് അർഹതപ്പെട്ടതാണ്’. ഇന്ന് പൂജയിൽ പങ്കെടുത്ത് ഉച്ചയോട് ദാദാസാഹേബ് ഫാല്ക്കെ പുരസ്കാരം സ്വീകരിക്കാനായി മോഹൻലാൽ ഡൽഹിയിലേക്ക് പോകും.
മോഹൻലാൽ ഉൾപ്പെടെയുള്ളവർ പൂജയ്ക്ക് എത്തിയിട്ടുണ്ട്. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.




