NewsTamil

‘നെ​ഗറ്റീവ് റിവ്യൂ പറയാൻ താരങ്ങൾ തന്നെ പണം നൽകുന്നു, ചെറിയ കാര്യങ്ങൾ ഊതിപ്പെരുപ്പിക്കുന്നു’; വിമർശിച്ച് വടിവേലു

തമിഴ് താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ 69-ാമത് ജനറൽ കമ്മിറ്റി യോ​ഗത്തിൽ നടൻ വടിവേലു നടത്തിയ പ്രസം​ഗം പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. തമിഴ് യൂട്യൂബർമാർക്കെതിരെയും താരങ്ങൾക്കെതിരെയും അതിരൂക്ഷമായ വിമർശനമാണ് വടിവേലു നടത്തിയത്. ചില നടന്മാർ സ്വന്തം സിനിമ ഇറങ്ങുമ്പോൾ എതിരാളികളായ മറ്റു നടന്മാരുടെ സിനിമയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് വടിവേലു പറഞ്ഞത്.

ഈ നടന്മാർ യൂട്യൂബർമാർക്ക് പണം നൽകി എതിരാളിയായ നടന്റെ സിനിമയ്ക്ക് നെ​ഗറ്റീവ് റിവ്യൂ ചെയ്യിക്കുന്നുണ്ട്. നടികർ സംഘത്തിലെ ആരും ഇതിനെ അപലപിക്കുന്നില്ല. നടികർ സംഘത്തിലെ ചിലർക്കും ഈ വിഷയത്തിൽ പങ്കുണ്ട്. പത്തു പേർ ചേർന്ന് സിനിമയെ തകർക്കാൻ ശ്രമിക്കുമ്പോൾ നടികർ സംഘം ഇതിന് തടയിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “നമുക്ക് ഐക്യം ആവശ്യമാണ്. ചില നടന്മാർ, തങ്ങളുടെ സിനിമ വിജയിക്കാൻ വേണ്ടി യൂട്യൂബർമാരെ ഉപയോഗിച്ച് എതിരാളികളായ നടന്മാരുടെ സിനിമകൾക്ക് നെഗറ്റീവ് റിവ്യൂ കൊടുപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നു.

നമ്മുടെ സിനിമാ കലാകാരന്മാരെക്കുറിച്ച് മോശമായി സംസാരിച്ച് ചെറിയ കാര്യങ്ങൾ അവർ ഊതിപ്പെരുപ്പിക്കുകയാണ്. പ്രൊഡ്യൂസേഴ്സ് കൗൺസിലിലെ ചിലർ ആളുകളെക്കൊണ്ട് ആ സിനിമയെക്കുറിച്ചും ഈ സിനിമയെക്കുറിച്ചും സംസാരിപ്പിക്കുകയാണ്. നടികർ സംഘത്തിലെ ചിലർക്കും ഈ വിഷയത്തിൽ പങ്കുണ്ട്. നടികർ സംഘത്തിൽ ആരും ഈ പ്രവൃത്തിയെ അപലപിക്കുന്നില്ല. നടന്മാരെ സംരക്ഷിക്കാനാണ് നടികർ സംഘം ഉള്ളത്. 10 പേർ സിനിമയെത്തന്നെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. നടികർ സംഘം ഇത് തടയണം.”- വടിവേലു പറഞ്ഞു. നടികർ സംഘത്തിന്റെ അഡ്മിനിസ്ട്രേറ്റർമാർ ഉൾപ്പെടെ തമിഴ് ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ചലച്ചിത്രമേഖലയിൽ ഈയിടെ അന്തരിച്ച കലാകാരന്മാരെ യോ​ഗത്തിൽ അനുസ്മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button