മലയാളത്തിൽ ഇന്നേവരെ തിയറ്ററുകളിലെത്തിയ സിനിമകളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമെന്ന ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് കല്ല്യാണി പ്രിയദർശന്റെ ലോക. ഇത് മലയാള സിനിമക്ക് പുതിയ ഒരു ചരിത്രമാണ്. എമ്പുരാന്റെ 268 കോടി കലക്ഷൻ റെക്കോർഡാണ് ‘ലോക’ മറികടന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപ കലക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ലോക. ചരിത്ര വിജയം കുറിച്ചിരുന്ന ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ റെക്കോർഡ് തകർത്ത് ഈ വർഷം ഇൻഡസ്ട്രി ഹിറ്റായി മാറിയ എമ്പുരാന്റെ റെക്കോർഡ് മാസങ്ങൾക്കുള്ളിലാണ് ലോക തകർത്തെറിഞ്ഞത്. നിലവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രം ലോകയാണ്.
ലോകാ ചാപ്റ്റർ വൺ ചന്ദ്ര റിലീസ് ദിവസം 2.7 കോടി രൂപയാണ് നേടിയത്. സ്ത്രീ കേന്ദ്ര കഥാപാത്രമായി എത്തിയ ഒരു ഇന്ത്യൻ ചിത്രത്തിന് ചരിത്രത്തിൽ ലഭിച്ച എക്കാലത്തെയും മികച്ച കലക്ഷനാണ് ലോക കൈവരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുമാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് വേഫെയറർ ഫിലിംസിന്റെ ബാനറിൽ നടൻ ദുൽഖർ സൽമാൻ നിർമിച്ച ‘ലോകാ ചാപ്റ്റർ വൺ ചന്ദ്ര’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, സാൻഡി മാസ്റ്റർ, അരുൺ കുര്യൻ, പ്രേമലു ഫെയിം നസ്ലെൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. മലയാളത്തിലെ ഒരു സമ്പൂർണ സൂപ്പർഹീറോ സിനിമാറ്റിക് പ്രപഞ്ചത്തിന് തുടക്കം കുറിക്കാനുള്ള ദുൽഖർ സൽമാന്റെ ശ്രമമാണ് ഈ സൂപ്പർഹീറോ ചിത്രം. ലോകാ സീരീസിലെ അടുത്ത ചിത്രം ചാത്തൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണെന്ന് നിർമാതാവ് ഡൊമിനിക് അരുൺ വെളിപ്പെടുത്തിയിരുന്നു. നടൻ ടോവിനോ തോമസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ അധ്യായത്തിൽ തന്റെ കഥാപാത്രത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകി അദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്.