ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മലയാള സിനിമക്ക് സമര്‍പ്പിക്കുന്നുവെന്ന് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍. എല്ലാവരും ചേര്‍ന്നതാണ് സിനിമ. പ്രേക്ഷകര്‍ക്കും കൂടെ പ്രവര്‍ത്തിച്ചവര്‍ക്കും ജ്യുറിക്കും മോഹന്‍ലാല്‍ നന്ദി പറഞ്ഞു.
എന്റെ മേഖലയില്‍ ഞാന്‍ സത്യസന്ധത പുലര്‍ത്തി. അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്ത്യയിലെ മികച്ച നടന്മാരുടെ കൂടെ അഭിനയിക്കാന്‍ ഇക്കാലയളവില്‍ സാധിച്ചു. എല്ലാവരുടെയും പിന്തുണ വലുതായിരുന്നു. മാധ്യമങ്ങള്‍ ഉള്‍പ്പടെ വലിയ പിന്തുണ നല്‍കി. നല്ല സിനികള്‍ ഇനിയും സംഭവിക്കട്ടെയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.
സിനിമയ്ക്ക് ഇന്ന് പരിമിതികൾ ഇല്ല. വളരെ മികച്ച കോൺടെന്റാണ് മലയാള സിനിമയിലുള്ളത്. സിനിമ ഒരു മാജിക്കാണ്. ഇതിനകത്ത് 48 വർഷം നിൽക്കുക എന്നത് ഒരു സർക്കസ്സാണെന്നും താരം പറഞ്ഞു. സിനിമ മേഖലയിൽ നല്ല നല്ല സിനിമകൾ ഉണ്ടാകണം. ഇതിന്റെ ഭാഗമായുള്ള കൂട്ടായ പരിശ്രമത്തിൽ ഞാനും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.