MalayalamNews

ആ ദിവസം ഒരിക്കലും മറക്കാനാകില്ല, എന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു അത്: ഷെയിൻ നിഗം

ഷെയിൻ നിഗത്തിന്റെ നായകനാക്കി ഡിമൽ ഡെന്നിസ് ഒരുക്കിയ സിനിമയാണ് വലിയപെരുന്നാൾ. വലിയ പ്രതീക്ഷയിലെത്തിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് ഷെയിൻ നിഗം. തന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു വലിയപെരുന്നാളിന്റെ പരാജയമെന്നും ആ സിനിമയുടെ റിലീസ് ദിനം തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും ഷെയിൻ നിഗം പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ഷെയിൻ ഇക്കാര്യം പറഞ്ഞത്.

‘എന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായി എനിക്ക് അനുഭവപ്പെട്ടത് വലിയ പെരുന്നാളിന്റെ പരാജയമാണ്. എന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ നടക്കുന്നതിനിടയിലായിരുന്നു ആ സിനിമയുടെ റിലീസ്. ആ സിനിമയുടെ പരാജയം എന്നെ ബാധിച്ചു. അതിന് ശേഷമാണ് നമ്മൾ കോവിഡിലേക്ക് കടക്കുന്നതും എല്ലാവർക്കും ബ്രേക്ക് ഉണ്ടാകുന്നതും. അതിന് ശേഷം ഞാൻ റിക്കവർ ആയി എല്ലാം ഓക്കെ ആയി. പക്ഷെ ആ സിനിമയുടെ റിലീസ് ദിനം എനിക്കൊരിക്കലും മറക്കാനാകില്ല’, ഷെയിൻ നിഗം പറഞ്ഞു.

ഹിമിക ബോസ്, ജോജു ജോർജ്, സൗബിൻ ഷാഹിർ, വിനായകൻ, ക്യാപ്റ്റൻ രാജു, ധർമജൻ ബോൾഗാട്ടി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മോനിഷ രാജീവ് നിർമ്മിച്ച സിനിമയുടെ സഹനിർമാതാവ് ഷോഹൈബ് ഖാൻ ഹനീഫ് റാവുത്തറാണ്. സിജു എസ് ബാവയായിരുന്നു സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടർ. വിവേക് ​​ഹർഷൻ ആണ് സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത്. അതേസമയം സ്പോർട്സ് ആക്ഷൻ ചിത്രമായ ബൾട്ടി ആണ് ഇനി പുറത്തിറങ്ങാനുള്ള ഷെയിൻ നിഗം ചിത്രം. ചിത്രം സെപ്റ്റംബർ 26 ന് പുറത്തിറങ്ങും.

ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്രഭാവത്തോടെ, ഉദയൻ എന്ന നായകകഥാപാത്രമായാണ് ഷെയിൻ നിഗം എത്തുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ നിർമ്മിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button