ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്രയുടെ ഒറിജിനൽ സൗണ്ട്ട്രാക്ക് പുറത്തിറക്കി സംഗീത സംവിധായകൻ ജേക്ക്സ് ബിജോയ്. ഓഗസ്റ്റ് 28-ന് ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഈ ഗാനം ആരാധകപ്രിയമായി മാറിയിരുന്നു. ഗാനത്തിൻ്റെ റെക്കോർഡിംഗ് സെഷനിലെ ബീഹൈൻഡ്-ദ-സീൻസ് വീഡിയോ ജേക്ക്‌സ് പങ്കുവച്ചിരുന്നു. പ്രശസ്ത ഗായിക അനുരാധ ശ്രീറാം പാടുന്നതാണ് വീഡിയോയിലുള്ളത്. ഹരിനാരായണൻ ബി കെയാണ് വരികള്‍ രചിച്ചത്. വീഡിയോക്കൊപ്പം കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
സ്പോട്ടിഫൈ, ആമസോൺ പ്രൈം മ്യൂസിക്, യൂട്യൂബ്, ജിയോ സാവൻ, ഗാനാ, ആപ്പിൾ മ്യൂസിക് തുടങ്ങി പത്തോളം മ്യൂസിക് പ്ലാറ്റ്ഫോമുകളിൽ ഈ ഒറിജിനൽ സൗണ്ട് ട്രാക്ക് ലഭ്യമാകും. ചിത്രത്തിൻ്റെ വിജയത്തിൽ വലിയൊരു പങ്കാണ് ജേക്‌സ് ബിജോയുടെ സംഗീതം വഹിച്ചത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വലിയ പ്രേക്ഷക പ്രശംസ നേടി.
അതിനിടെ ലോക ഇപ്പോഴും റെക്കോർഡുകൾ തിരുത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാൻ്റെ വേഫറര്‍ ഫിലിംസ് നിർമ്മിച്ച ചിത്രം, ലോകമെമ്പാടും ഇതിനകം 250 കോടി കടന്നുകഴിഞ്ഞു. ഇതുവരെ ആ നേട്ടം കൈവരിച്ച രണ്ടാമത്തെ മലയാളം ചിത്രമാണ് ലോക ചാപ്റ്റര്‍ വണ്‍.