പ്രഭാസ് നായകനായി എത്തുന്ന കൽക്കി 2898 എഡി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുക്കോൺ പുറത്ത്. വിവരം നിർമ്മാതാക്കൾ തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച (സെപ്റ്റംബർ 18) രാവിലെ, നിർമ്മാതാക്കൾ പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
“കൽക്കി 2898 എഡിയുടെ വരാനിരിക്കുന്ന തുടർ ഭാഗത്തിൽ നടി ദീപിക പദുക്കോൺ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ശ്രദ്ധാപൂർവ്വമായ ചർച്ചകൾക്കു ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആദ്യ സിനിമ നിർമിക്കുന്നതിനിടയിലുള്ള നീണ്ട യാത്രയിൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ പങ്കാളിത്തം പഴയതുപോലെ തുടരാൻ കഴിഞ്ഞില്ല. കൽക്കി 2898 എഡി പോലുള്ള ഒരു സിനിമ കൂടുതൽ പ്രതിബദ്ധതയും പരിഗണനയും അർഹിക്കുന്നു. ദീപികയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ആശംസകൾ നേരുന്നു,” എന്ന് പ്രസ്താവനയിൽ പറയുന്നു.
നേരത്തെ, പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമായ സ്പിരിറ്റിൽ നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കിയിരുന്നു. എട്ടു മണിക്കൂർ ജോലി സമയം, ഉയർന്ന പ്രതിഫലം, ലാഭത്തിൽ ഒരു പങ്ക്, തെലുങ്ക് സംസാരിക്കാനാകില്ല തുടങ്ങി നിരവധി ഡിമാൻഡുകൾ ദീപിക നിർമ്മാതാക്കൾക്കു മുന്നിൽ വച്ചതായായും നിർമ്മാതാക്കൾ ഇത് അംഗീകരിച്ചില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ദീപിക പദുകോൺ, പ്രഭാസ്, അമിതാഭ് ബച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ ‘കല്ക്കി 2898 എഡി.’ ബോക്സ് ഓഫീസിലടക്കം മികച്ച പ്രതികരണം കാഴ്ചവച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇതിനിടെയാണ് ഈ വാർത്ത പുറത്തുവരുന്നത്.