ആവാസവ്യുഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ പ്രേക്ഷശ്രദ്ധ നേടിയ സംവിധായകനാണ് കൃഷാന്ത്. തന്റെ എഴുത്തിലെ പുതുമ കൊണ്ടും മേക്കിങ്ങിലെ കയ്യടക്കം കൊണ്ടും കൃഷാന്തിൻ്റെ സിനിമകൾ എപ്പോഴും കയ്യടി നേടാറുണ്ട്. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം കൃഷാന്ത് ഒരുക്കുന്നു എന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ മോഹൻലാൽ സിനിമയെക്കുറിച്ച് ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ കൃഷാന്ത്. മോഹൻലാലുമായി കുറച്ച് മീറ്റിംഗ് കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം ഒരു ഗ്രീൻ സിഗ്നൽ തന്നാൽ ആ സിനിമയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
‘സ്ക്രീൻപ്ലേ വായിച്ച് അതിന്റെ ഡിസ്കഷനിലേക്ക് കടക്കുകയും അതിന്റെ ബജറ്റിങ്ങിലോട്ടൊക്കെ കയറുകയും ചെയ്തിട്ടുണ്ട്. മോഹൻലാൽ സാറുമായി രണ്ട് മൂന്ന് മീറ്റിംഗ് കൂടി ബാക്കിയുണ്ട്. അദ്ദേഹം ഒരു ഗ്രീൻ സിഗ്നൽ തന്നാൽ ആ സിനിമയുമായി മുന്നോട്ട് പോകും. ആ സിനിമയുടെ തിരക്കഥ വളരെ ഇന്ററസ്റ്റിംഗ് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വെറുക്കുന്നതിന് മുൻപ് ആ സിനിമ ചെയ്യണം. ഒരുപാട് വർഷം മുൻപ് തയ്യാറാക്കിയ തിരക്കഥയാണത്. ആവാസവ്യുഹം ഒക്കെ ചെയ്യുന്നതിനും മുൻപ് തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ്. ഹ്യൂമർ ഉണ്ടെങ്കിലും ഒരു ഴോണറിൽ തളച്ചിടാൻ കഴിയാത്ത സിനിമയാണ്’, കൃഷാന്തിൻ്റെ വാക്കുകൾ.
മോഹൻലാലിനൊപ്പമുള്ള ചിത്രം ഒരു ഡിറ്റക്റ്റീവ് കോമഡി ഴോണറിൽ ആകും ഒരുങ്ങുന്നതെന്ന് നേരത്തെ കൃഷാന്ത് വ്യക്തമാക്കിയിരുന്നു. റെഡ്ഡിറ്റിലൂടെയായിരുന്നു കൃഷാന്തിൻ്റെ പ്രതികരണം. ലാലേട്ടൻ പടം ഉടനെ തുടങ്ങുമോ എന്ന ചോദ്യത്തിന് ‘കുറച്ച് സിറ്റിംഗ് കൂടി ബാക്കിയുണ്ട്’ എന്നായിരുന്നു സംവിധായകന്റെ മറുപടി. സിനിമയുടെ ഷൂട്ടിംഗ് 2026 ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, കൃഷാന്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘സംഘർഷ ഘടന’ ആഗസ്റ്റ് എട്ടിന് പുറത്തിറങ്ങി. വിഷ്ണു അഗസ്ത്യ, സനൂപ് പടവീടൻ, രാഹുൽ രാജഗോപാൽ, ഷിൻസ് ഷാൻ, സിലേഷ് കെ ലക്ഷ്മി, മൃദുല മുരളി, ജെയിൻ ആൻഡ്രൂസ് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. കൃഷാന്ദ് ഫിലിംസ് നിർമ്മിച്ച സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് രാജേഷ് നരോത്ത് ആണ്.