മകള്‍ അലംകൃതയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് നടന് പൃഥ്വിരാജ്. ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചാണ് പൃഥ്വിരാജ് മകള്‍ക്ക് പതിനൊന്നാം പിറന്നാള്‍ ആശംസകൾ നേര്‍ന്നത്. ഇതിനൊപ്പം കുടുംബചിത്രവും നടൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപൂര്‍വ്വമായി മാത്രമാണ് സുപ്രിയയും പൃഥ്വിയും മകളുടെ ഫോട്ടോ പുറത്തു വിടുന്നത്.
‘എന്റെ പാർട്ട് ടൈം ബിഗ് സഹോദരി, ചിലപ്പോൾ അമ്മ, മുഴുവൻ സമയ തെറാപ്പിസ്റ്റ്, ഇടയ്ക്കിടെ മകൾ, ജന്മദിനാശംസകൾ! ഞാൻ നിന്നെ സ്നേഹിക്കുന്നു, പഴയതുപോലെ, നീ എന്നേക്കും എന്റെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായിരിക്കും! മമ്മയും ഡാഡയും നിന്നെക്കുറിച്ച് ഓർത്ത് വളരെയധികം അഭിമാനിക്കുന്നു, നീ എപ്പോഴും ഞങ്ങളുടെ സൂര്യപ്രകാശമായിരിക്കും!’, പൃഥ്വിരാജ് കുറിച്ചു. സുപ്രിയയും മകൾക് ജന്മദിനാശംകൾ നേർന്നുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, അല്ലിയുടെ പുസ്തകം വായനയും ചെറിയ കുറിപ്പുകളുമൊക്കെ പൃഥ്വിരാജും സുപ്രിയയും ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. എമ്പുരാനിലൂടെ അലംകൃത സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. സിനിമയിലെ എമ്പുരാനേ എന്ന പാട്ടിലെ കുട്ടിയുടെ ഭാഗം പാടിയിരിക്കുന്നത് അലംകൃതയായിരുന്നു. എമ്പുരാന്റെ തീം സോങ് ഇന്ദ്രജിത്–പൂർണിമ ദമ്പതികളുടെ മകൾ പ്രാർഥനയാണ് ആലപിച്ചത്.