MalayalamNews

കത്തനാർ ലോക പോലൊരു ചിത്രമാണോ, ശ്രദ്ധനേടി ആർ രാമാനന്ദിന്റെ പോസ്റ്റ്

‘ലോക’ സിനിമയയെയും അണിയറപ്രവർത്തകരെയും പ്രശംസിച്ച് കത്തനാർ സിനിമയുടെ തിരക്കഥാകൃത്ത് ആർ രാമാനന്ദ്. ലോക അതിഗംഭീരം സിനിമയാണെന്നും കല്യാണിയുടെ ഫാൻ ആണ് താനെന്നും ആർ രാമാനന്ദ് പറഞ്ഞു. ലോക സിനിമയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യം ഇത്തരം ഒരു സിനിമ ആകുമോ കത്തനാർ എന്നും നീലി ഉണ്ടോ സിനിമയിൽ എന്നുമാണെന്നും ആർ രാമാനന്ദ് പറയുന്നു. സിനിമ റീലീസ് ചെയ്യും വരെ ഇത്തരം ചോദ്യങ്ങൾ തുടരട്ടെയെന്നും ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രതികരണം.

‘ലോക: കണ്ടു, അതിഗംഭീര സിനിമ, പുരാവൃത്തങ്ങളെ ആധുനിക കാലത്തിൻ്റെ ഭാവുകത്വങ്ങളുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കുക എന്നത് തീർച്ചയായും പ്രതിഭയുടെ പ്രകടനമാണ്. നീലി ഇങ്ങനെയായിരുന്നു എന്നോ അല്ല എന്നോ ആ സങ്കല്പത്തെ വക്രമാക്കാത്തിടത്തോളം കാലം പറയുക സാധ്യമല്ല. ചാത്തനെ ഒരു ഫൺ ചാപ് ആക്കി അവതരിപ്പിച്ചത് നന്നായിട്ടുണ്ട്, നർമ്മം ഇഷ്ടപ്പെടുന്നവരാണ് ദൈവങ്ങളെല്ലാം, അതറിയണമെങ്കിൽ ഒരുതവണ തെയ്യം കെട്ടുമ്പോൾ അടുത്ത് ചെന്ന് വാക്കെണ്ണുന്നത് കേൾക്കണം. മൊത്തത്തിൽ ഒരു ഹോളിവുഡ് കളർ ഗ്രേഡിങ്, എഡിറ്റിംഗ്, സിനിമയുടെ ടെമ്പോ എല്ലാം നിലനിർത്തിയിട്ടുണ്ട്, ഒരു വാംപയർ സ്റ്റോറിയിൽ മണ്ണിൻ്റെ മണമുള്ള കഥാപാത്രങ്ങൾ ചേരുമ്പോൾ ആസ്വാദ്യത വളരെ വർധിക്കുന്നു. എത്ര കുഴിച്ചാലും, എത്ര കോരിയാലും വറ്റാത്ത പുരാവൃത്തങ്ങളുടെ ഒരു അമൃത കിണർ നമ്മുടെ നാട്ടിലുമുണ്ട്.

ശേഷം മൈക്കിൽ ഫാത്തിമ മുതൽ ഞാൻ കല്യാണിയുടെ ഫാനാണ്, ഒരു ന്യൂ ഏജ് ഫാന്റസി പുള്ള് ചെയ്യാൻ കെൽപ്പുള്ള താരശരീരവും പ്രതിഭയും തീർച്ചയായും കല്യാണിയിലുണ്ട്. ലോക ടീം തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ലോകയിലൂടെ അവർ ഉദ്ദേശിക്കുന്ന ഒരു ലോകം നമുക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ട്. ഇനി ആ ലോകത്തെ ഭാവാത്മകമായി വികസിപ്പിച്ചാൽ മാത്രം മതി.ഒപ്പം, ഞങ്ങളുടെ കത്തനാർ ഇങ്ങനെയാണോ, ഇങ്ങനെയല്ലേ , ആ സിനിമയിൽ നീലി ഉണ്ടോ, ഇല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങൾ സിനിമ ഇറങ്ങുന്നത് വരെ സുഖമുള്ള കാത്തിരിപ്പായി തുടരട്ടെ ആശംസിക്കുന്നു. അറിയാം, കാത്തിരിപ്പ് കുറച്ച് നീണ്ടു പോയി എന്ന്. എങ്കിലും കാത്തിരിപ്പിന് ഒരു സുഖം ഉണ്ടല്ലോ, ഞാനും നിങ്ങൾക്കൊപ്പം ആ സുഖം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്,’ ആർ രാമാനന്ദ് കുറിച്ചു.

അതേസമയം, റോജിൻ തോമസ് സംവിധാനത്തിൽ ജയസൂര്യ നായകനാകുന്ന സിനിമയാണ് ‘കത്തനാർ – ദി വൈൽഡ് സോഴ്സറർ’. സിനിമയുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ നേരെത്തെ പുറത്തുവിട്ടിരുന്നു. മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. വമ്പൻ ബജറ്റിൽ മലയാള സിനിമ ഇന്നുവരെ കാണാത്ത തലത്തിലാണ് കത്തനാർ ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന’കത്തനാർ – ദി വൈൽഡ് സോഴ്സററി’ൻ്റെ ഡബ്ബിങ് പൂർത്തിയായ വാർത്ത ജയസൂര്യ തന്നെ മുൻപ് അറിയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. അനുഷ്‌ക ഷെട്ടിയും പ്രഭുദേവയുമാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button