മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കല്യാണി പ്രിയദർശൻ. നടിയുടെ വമ്പൻ വിജയമായി തിയേറ്ററിൽ പ്രദർശനം തുടരുന്ന ലോക സിനിമയുടെ സെറ്റിൽ മമ്മൂക്ക എത്തിയ ദിവസത്തെ ഓർമ പങ്കുവെച്ചുകൊണ്ടാണ് കല്യാണി പിറന്നാൾ ആശംസകൾ നേർന്നത്. അന്ന് മമ്മൂക്കയ്ക്കൊപ്പം ചിത്രങ്ങൾ എടുത്തവരോട് അസൂയ തോന്നിയെന്നും കോസ്റ്റ്യൂമില്‍ ആയതു കൊണ്ട് തനിക്ക് ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ലെന്നും കല്യാണി കുറിച്ചു. ലോകയിലെ മൂത്തോന് പിറന്നാൾ ആശംസകൾ എന്നും കല്യാണി കുറിച്ചു. ‘സര്‍പ്രൈസായി അദ്ദേഹം ഞങ്ങളുടെ സെറ്റിലേക്ക് വന്ന ദിവസം എനിക്കോര്‍മയുണ്ട്. അദ്ദേഹത്തെ കണ്ട നിമിഷം ഞങ്ങളെല്ലാവരും സ്തബ്ധരായി നിന്നു. കയ്യിലുള്ളതെല്ലാം നിലത്തു വീണു. അദ്ദേഹത്തോടൊപ്പം ചിത്രങ്ങളെടുത്തവരോട് എനിക്ക് അസൂയ തോന്നി. കാരണം ഞാന്‍ കോസ്റ്റ്യൂമില്‍ ആയിരുന്നതുകൊണ്ട് എനിക്കതിന് സാധിച്ചില്ല. ഞങ്ങളെല്ലാവരും വളരെ ടെന്‍ഷനിലായിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ പ്രഭാവം(Aura) എപ്പോഴത്തെയും പോലെ ലളിതവും രസകരവും അനായാസവുമായിരുന്നു. അദ്ദേഹം അങ്ങനെയുള്ള ഒരാളാണ്.
പ്രത്യേകിച്ച് ശ്രമിക്കാതെ തന്നെ പ്രചോദനം നല്‍കുന്ന, മനുഷ്യനായിരിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന ഒരാള്‍. ഈ സിനിമയിലൂടെ അദ്ദേത്തിന് അഭിമാനിക്കാനുള്ള വക ഉണ്ടാക്കാൻ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ മൂത്തോന് ജന്മദിനാശംസകള്‍”, കല്യാണി കുറിച്ചു. അതേസമയം, റീലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോൾ ലോക പെട്ടിയിലാക്കിയത് 150 കോടിയ്ക്ക് മുകളിൽ കളക്ഷൻ ആണ്. 170 കോടിയോളം സിനിമ നേടിയെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ കളക്ഷൻ ദിനം പ്രതി ഉയരുകയാണ്. മലയാള സിനിമയിൽ അതിവേഗത്തിൽ 150 കോടി നേടിയ സിനിമയുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് ലോക ഇപ്പോൾ. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്.
ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.
നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.