ഹോളിവുഡിലെ പ്രശസ്തമായ ഹൊറർ ഫ്രാഞ്ചൈസി ആണ് കൺജുറിംഗ് യൂണിവേഴ്‌സ്. മൂന്ന് സിനിമകളാണ് ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തുവന്നിട്ടുള്ളത്. ഗംഭീര അഭിപ്രായങ്ങൾ നേടിയ സിനിമകൾ ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ ഈ ഫ്രാൻഞ്ചൈസിയിലെ നാലാമത്തെ സിനിമ ഇന്ന് പുറത്തിറങ്ങുകയാണ്. ‘ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് ഇന്ത്യയിൽ ലഭിക്കുന്നത്. മണിക്കൂറിൽ 20.85 K ടിക്കറ്റുകളാണ് ചിത്രം വിറ്റഴിക്കുന്നത്. ആദ്യ ദിനം ചിത്രം ഇന്ത്യയിൽ നിന്ന് 13 മുതൽ 15 കോടി വരെ നേടുമെന്നാണ് കണക്കുകൂട്ടൽ.
അങ്ങനെയെങ്കിൽ ഒരു ഹൊറർ ചിത്രം ഇന്ത്യയിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ആകും ഇത്. പാരാനോർമൽ അന്വേഷകരായ എഡ്, ലോറൈൻ വാറൻ എന്നിവർ ഒരു കേസിന്റെ ഭാഗമായ ഒരു വീട്ടിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന ഭയാനകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മൈക്കൽ ചാവേസ് സംവിധാനം ചെയ്യുന്ന ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ് ജെയിംസ് വാനും പീറ്റർ സഫ്രാനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൺജുറിംഗ് സീരീസിലെ നാലാമത്തെ ചിത്രവും ഫ്രഞ്ചൈസിയിലെ ഒൻപതാമത്തെ ചിത്രവുമാണിത്.
ഐമാക്സിൽ ഉൾപ്പെടെ ചിത്രം റിലീസിനെത്തുന്നുണ്ട്. ഇയാൻ ഗോൾഡ്ബർഗ്, റിച്ചാർഡ് നൈങ്, ഡേവിഡ് ലെസ്ലി ജോൺസൺ-മക്ഗോൾഡ്രിക് എന്നിവരാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. ജെയിംസ് വാൻ, പീറ്റർ സഫ്രാൻ എന്നിവരാണ് ഈ നാലാം ഭാഗത്തിന്റെ നിർമാതാക്കൾ. വെരാ ഫാർമിഗ, പാട്രിക് വിൽസൺ, മിയ ടോംലിൻസൺ, ബെൻ ഹാർഡി തുടങ്ങിയവരാണ് സിനിമയിൽ പ്രധാന റോളുകളിൽ എത്തുന്നത്. കൺജുറിംഗ് സീരിസിലെ അവസാനത്തെ ചിത്രമാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ.