സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘പരം സുന്ദരി’. തുഷാർ ജലോട്ട ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസമാണ് എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിലെ ഗാനങ്ങളും വിഷ്വലുകളും മികച്ചുനിൽക്കുന്നുണ്ടെങ്കിലും തിരക്കഥ പാളിപ്പോയെന്നാണ് കമന്റുകൾ. ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനമാണ് സിനിമ കാഴ്ചവെക്കുന്നത്. ചിത്രം ആദ്യ ആഴ്ച പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് 37.50 കോടിയാണ് നേടിയിരിക്കുന്നത്. അതേസമയം, 59 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. 14.50 കോടിയാണ് ഓവർസീസിൽ നിന്നും സിനിമ നേടിയത്. ആദ്യ ദിനം 6.85 കോടി നേടിയ സിനിമ രണ്ടാം ദിവസം 8.85 കോടി സ്വന്തമാക്കി. സിനിമയിലെ സിദ്ധാർഥിൻ്റെയും ജാൻവിയുടെയും കെമിസ്ട്രി അടിപൊളിയാണെന്നും എന്നാൽ തിരക്കഥ മോശമാണെന്നുമാണ് അഭിപ്രായങ്ങൾ.
സിനിമയുടെ ട്രെയിലറിനും നേരത്തെ വലിയ ട്രോളുകളാണ് ലഭിച്ചത്. ചിത്രത്തിലെ മലയാളം ഡയലോഗുകൾക്കും ജാൻവിയുടെ കഥാപാത്രത്തിനും ആണ് പ്രധാനമായും ട്രോളുകൾ ഉയർന്നത്. ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി ചിത്രത്തിൽ എത്തുന്നത്. ട്രെയ്‌ലറിൽ ജാൻവി സ്വന്തം പേര് പറയുന്ന ഡയലോഗുകൾ വ്യക്തമല്ലെന്നും ഒരു മലയാളിയായി നടിയെ സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നുമാണ് കമന്റുകൾ വന്നത്. അതേസമയം കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. കേരളത്തിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സിദ്ധാർത്ഥിന്റെയും ജാൻവിയുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ആർഷ് വോറ, ഗ്വാർവ മിശ്ര എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.