‘മാധ്യമം’ ഫോട്ടോഗ്രാഫർ പി. അഭിജിത്ത് ഒരുക്കിയ ‘ഞാൻ രേവതി’ ഡോക്യുഫിലിം പതിനേഴാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയുടെ മത്സരവിഭാഗത്തിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും. വൈകീട്ട് 6.15ന് തിരുവനന്തപുരം കൈരളി തിയറ്ററിലാണ് പ്രദർശനം. ‘ഞാൻ രേവതി’ ഉൾപ്പെടെ 12 ചിത്രങ്ങളാണ് ലോങ് ഡോക്യുമെന്ററി മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്.
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ട്രാൻസ് വുമൺ നേഹക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ‘അന്തരം’ എന്ന സിനിമക്ക് ശേഷം പി. അഭിജിത്ത് സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാൻ രേവതി’. ട്രാൻസ് എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ. രേവതിയുടെ ജീവിതം ആസ്പദമാക്കിയതാണ് ഒരു മണിക്കൂർ 55 മിനിറ്റ് നീളുന്ന ചിത്രം. പ്രപഞ്ചം ഫിലിംസിന്റെ ബാനറിൽ ശോഭിലയാണ് നിർമാതാവ്. കാമറ: എ. മുഹമ്മദ്. എഡിറ്റിങ്: അമൽജിത്ത്, ശബ്ദം: വിഷ്ണുപ്രമോദ്, കളറിസ്റ്റ്: വി.പി. സാജിദ്, സംഗീതം: രാജേഷ് വിജയ്.
തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ, സി.പി.ഐ നേതാവ് ആനിരാജ, ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും നടിയും മോഡലുമായ ശീതൾ ശ്യാം, കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായ സൂര്യ ഇഷാൻ- ഇഷാൻ, നാടകകൃത്തും സംവിധായകനുമായ ശ്രീജിത്ത് സുന്ദരം തുടങ്ങിയവരും ‘ഞാൻ രേവതി’യിൽ കഥാപാത്രങ്ങളാണ്.