ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട കഥ പറയുന്ന പുതിയ ചിത്രവുമായി സൽമാൻ ഖാൻ. ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ലഡാക്കിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സംവിധായകന്‍ അപൂര്‍വ ലാഖിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിലാണ് ചിത്രീകരണം നടക്കുന്നത് അതിനാൽ തന്നെ ശാരീരികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമാണ് സൽമാൻ ഖാൻ കൈകാര്യം ചെയ്യുന്നത്.
കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സൽമാൻ ഖാൻ തീവ്രമായ പരിശീലനത്തിലാണ്. 2020 ജൂണിൽ നടന്ന ഇന്ത്യ-ചൈന സംഘർഷവും ഇരുവിഭാഗം സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലും അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് ബാറ്റിൽ ഓഫ് ഗൽവാൻ. ചിത്രാംഗദ സിംഗ്, സെയ്ൻ ഷാ, അങ്കുർ ഭാട്ടിയ, ഹർഷിൽ ഷാ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിക്കന്ദർ എന്ന ചിത്രത്തിന് ശേഷം സൽമാൻ ഖാൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണിത്.