കെജിഎഫിനും കാന്താരയ്ക്കും ശേഷം കേരളത്തിൽ ഓളം സൃഷ്ടിച്ചിരിക്കുകയാണ് ‘സു ഫ്രം സോ’. 25 ദിവസങ്ങൾ പിന്നിടുമ്പോൾ ഈ കന്നഡ ചിത്രം കേരളത്തിന് നിന്ന് മാത്രം നേടിയത് 7.25 കോടി രൂപയാണ്. റിലീസിന് ശേഷം ഓരോ ദിനവും ഷോകൾ വർധിപ്പിച്ചിരുന്നു അതിനാൽ ചിത്രം ബോക്സ് ഓഫീസിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. ആദ്യാവസാനം ചിരിയുടെ പൂരമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പക്കാ കോമഡി ഫൺ എന്റെർറ്റൈനെർ ആയൊരുക്കിയ ചിത്രം തീയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുടെ പെരുമഴയാണ് സമ്മാനിച്ചത്.
കന്നഡ ഭാഷയിൽ എത്തിയിരിക്കുന്ന സിനിമയെ ഒരു മലയാള ചിത്രമെന്ന പോലെയാണ് പ്രേക്ഷകർ ഹൃദയംകൊണ്ട് സ്വീകരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. കന്നഡയിലും മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.