MalayalamNews

4k മികവോടെ റീറിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം

മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത ചിത്രം ‘സാമ്രാജ്യം’ വീണ്ടും തിയറ്ററുകളിലേക്ക്. 4k ഡോൾബി അറ്റ്മോസ് പതിപ്പിലാണ് ചിത്രം റിലീസിനായി എത്തുന്നത്.സെപ്റ്റംബറിൽ ചിത്രം പ്രദർശനത്തിനെത്തും. 1990 കാലഘട്ടത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു സാമ്രാജ്യം. അലക്‌സാണ്ടർ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അക്കാലത്തെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും ചിത്രം നേടുകയുണ്ടായി. സ്ലോമോഷൻ ഏറ്റവും ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ച് ചിത്രം കൂടുതൽ പ്രേക്ഷക ശ്രദ്ധനേടി. ചിത്രത്തിൻ്റെ അവതരണഭംഗി സിനിമയെ മലയാളത്തിന് പുറത്ത് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡ്ഡിലും ഏറെ സ്വീകാര്യമാക്കി.

വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്ത ഈ ചിത്രത്തിലൂടെ, മലയാള സിനിമക്ക് അന്യഭാഷകളിലെ മാർക്കറ്റ് ഉയർത്തുന്നതിൽ നിർണ്ണായകമായ പങ്കുണ്ടായി. ഗാനങ്ങളില്ലാതെ ഇളയരാജ പശ്ചാത്തലസംഗീതം മാത്രമൊരുക്കി എന്നതായിരുന്നു ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
നായകസ്ഥാനത്ത് ഏറെ തിളങ്ങി നിൽക്കുന്ന ഒരു നടൻ നെഗറ്റീവ് ഷേഡ് നൽകുന്ന ഒരു കഥപാത്രത്തെ ഉൾക്കൊള്ളാൻ തന്നെ മടികാണിക്കും. ഈ സമയത്താണ് വേഷഭൂഷാദികളാലും അഭിനയ മികവുകൊണ്ടും ഈ കഥാപാത്രത്തെ അനശ്വരമാക്കി അലക്‌സാണ്ടർ പലരുടേയും സ്വപ്ന കഥാപാത്രമായി മാറിയത്.

അക്കാലത്ത് അലക്‌സാണ്ടർ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ കൗതുകവും ആവേശവുമായി മാറിയത് ആ കഥാപാത്രത്തിൻ്റെ അവതരണത്തിലെ വ്യത്യസ്ഥത തന്നെയായിരുന്നു. ജയനൻ വിൻസൻ്റ് എന്ന ഛായാഗ്രാഹകൻ്റെ സംഭാവനയും ഏറെ വലുതായിരുന്നു. പ്രശസ്ത ഗാന രചയിതാവായ ഷിബു ചക്രവർത്തിയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ അശോകൻ, ശ്രീവിദ്യാ, സോണിയ, ബാലൻ.കെ.നായർ, സത്താർ, സാദിഖ്, ഭീമൻ രഘു , ജഗന്നാഥ വർമ്മ, പ്രതാപചന്ദ്രൻ, സി.ഐ. പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button