സിലമ്പരശനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വലിയ ബജറ്റിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് വെട്രിമാരൻ പറഞ്ഞു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സിനിമയുടെ പ്രൊമോ ഷൂട്ട് പൂർത്തി ആയെന്നും, വിഎഫ്എക്സ് വർക്കുകൾ പൂർത്തിയായ ശേഷം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സിനിമയ്ക്ക് വേണ്ടിയുള്ള വലിയ സെറ്റ് വർക്കുകളും പുരോഗമിക്കുകയാണ്. നേരത്തെ സിമ്പു ചിത്രത്തിനായി 10 കിലോ ഭാരം കുറച്ചുവെന്ന റിപ്പോർട്ടുകൾ എത്തിയിരുന്നു. പിങ്ക് വില്ലയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്.
ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ വ്യക്തമാക്കിയിരുന്നു. അതേസമയം, വടചെന്നൈയിൽ സംവിധായകൻ അമീർ അവതരിപ്പിച്ച രാജൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ക്രീന്‍ ടൈം ചെറുതായിരുന്നെങ്കിലും സിനിമയിലെ രാജന്റെ ഭാഗങ്ങൾ കയ്യടി നേടിയിരുന്നു. തുടർന്ന് രാജൻ എന്ന കഥാപാത്രത്തിനെ പശ്ചാത്തലമാക്കി ഒരു സ്പിൻ ഓഫ് സിനിമ വരുമെന്ന് വെട്രിമാരൻ പറഞ്ഞിരുന്നു. ഈ ചിത്രമാണ് സിലമ്പരശനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച.