ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണിൻ്റെ ‘ടെർമിനേറ്റർ’ എന്ന സിനിമയെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. 1984-ൽ പുറത്തിറങ്ങിയ ഈ സിനിമ മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ചുള്ള ചില ഭയാനകമായ സാധ്യതകളാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. മനുഷ്യൻ്റെ ബുദ്ധിയെ മറികടന്ന് സ്വയംഭരണം നേടുന്ന ‘സ്കൈനെറ്റ്’ എന്ന ഒരു കമ്പ്യൂട്ടർ സംവിധാനം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ ഉപയോഗിച്ച് മനുഷ്യരാശിയെ നശിപ്പിക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. അന്ന് ഒരു സയൻസ് ഫിക്ഷൻ എന്ന നിലയിൽ കണ്ട ഈ സിനിമയിലെ പല കാര്യങ്ങളും ഇന്ന് യാഥാർത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.
അടുത്തിടെ റോളിങ് സ്റ്റോൺ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ജെയിംസ് കാമറൂൺ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെക്കുറിച്ചുള്ള തൻ്റെ ആശങ്കകൾ പങ്കുവെക്കുകയുണ്ടായി. ആധുനിക ആയുധ സംവിധാനങ്ങളുമായി എ.ഐ. യോജിപ്പിച്ചാൽ ‘ടെർമിനേറ്റർ’ സിനിമയിൽ കണ്ടതുപോലെയുള്ള ഒരു ഭീകരമായ ഭാവി യാഥാർത്ഥ്യമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഇന്ന് സാങ്കേതികവിദ്യ അതിവേഗം വളരുകയാണ്. താൻ സങ്കൽപ്പിച്ച പല കാര്യങ്ങളെയും യാഥാർത്ഥ്യത്തിലെ സാങ്കേതിക വിദ്യകൾ മറികടന്നു എന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ന് യുദ്ധരംഗത്ത് തീരുമാനങ്ങൾ അതിവേഗം എടുക്കേണ്ടിവരുന്നു. ഈ വേഗത കൈകാര്യം ചെയ്യാനും വിവരങ്ങൾ വേഗത്തിൽ വിശകലനം ചെയ്യാനും സൂപ്പർ ഇൻ്റലിജൻസ് ഉള്ള ഒരു എ.ഐ. ആവശ്യമായി വന്നേക്കാം. പക്ഷേ മനുഷ്യർ എടുക്കുന്ന തീരുമാനങ്ങളിൽ തെറ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ടെങ്കിലും, ഒരു എ.ഐ.യുടെ നിയന്ത്രണത്തിൽ കാര്യങ്ങൾ പൂർണ്ണമായി വിട്ടുകൊടുക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന് കാമറൂൺ ചോദിക്കുന്നു. കാരണം എ.ഐ.ക്ക് മനുഷ്യനെപ്പോലെ ധാർമ്മികമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ഉണ്ടോ എന്നത് ഇന്നും ഒരു ചോദ്യചിഹ്നമാണ്. കാലാവസ്ഥാ വ്യതിയാനം, ആഗോള പ്രകൃതിയുടെ ശോഷണം, ആണവായുധങ്ങൾ, സൂപ്പർ ഇൻ്റലിജൻസ് എന്നിവയാണ് മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയായ മൂന്ന് പ്രധാന ഘടകങ്ങൾ എന്ന് കാമറൂൺ ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം മനുഷ്യൻ്റെ തന്നെ പ്രവൃത്തികളുടെ ഫലമാണ്. ഇവയെ എങ്ങനെ നിയന്ത്രിക്കണം എന്നതിനെക്കുറിച്ച് ലോകം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.