NewsTamil

സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാൻ മോഹൻരാജിന്റെ ദാരുണാന്ത്യം: മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ

തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വിയോഗ വാർത്തയായിരുന്നു സ്റ്റണ്ട് ആർട്ടിസ്റ്റ് രാജുവിന്റേത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ സംഘട്ടനരം​ഗം ചിത്രീകരിക്കുന്നതിനിടെ കാർ അപകടത്തിൽപെട്ടാണ് ഇദ്ദേഹം മരിക്കുന്നത്. ഇപ്പോഴിതാ മോഹൻരാജിന്റെ കുടുംബത്തിന് സഹായവുമായെത്തിയിരിക്കുകയാണ് നടന്മാരായ സൂര്യയും ചിമ്പുവും. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സംഘട്ടന സംവിധായകൻ സ്റ്റണ്ട് സിൽവയാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻരാജിന്റെ കുടുംബത്തിന് താരങ്ങൾ നൽകിയ സഹായത്തെക്കുറിച്ച് പറഞ്ഞത്. മോഹൻരാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഫോൺ ചെയ്തത് നടൻ ആര്യയാണ്. വിജയ് സാർ ഫോൺ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചിരുന്നു.

വിജയ് സാറിന്റെ മിക്ക ചിത്രങ്ങളിലും മോഹൻരാജ് പ്രവർത്തിച്ചിട്ടുണ്ട്. എസ്ടിആർ സാർ ഫോൺ ചെയ്ത് വിവരം തിരക്കി. തൊട്ടടുത്തദിവസം തന്നെ വലിയൊരു സംഖ്യയുടെ ചെക്കുമായി വന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കണം എന്ന് പറഞ്ഞു. മോഹൻരാജിന്റെ കുട്ടികളുടെ പഠനച്ചെലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് സൂര്യ സാറിന്റെ മാനേജർ അറിയിച്ചിട്ടുണ്ടെന്നും സിൽവ പറഞ്ഞു. താരങ്ങളുടെ ഈ പിന്തുണ സിനിമാരംഗത്ത്, പ്രത്യേകിച്ച് അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന സ്റ്റണ്ട് കലാകാരന്മാർക്കിടയിൽ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു.

തന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ മരണപ്പെട്ട സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ(രാജു) വിയോഗത്തിൽ വിശദീകരണവുമായി സംവിധായകൻ പാ രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. സ്റ്റണ്ട് ടീമിലെ സഹപ്രവർത്തകരും ക്രൂവിലെ ഞങ്ങളെല്ലാവരും ഏറെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണ് മോഹൻ രാജെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു എന്നും പാ രഞ്ജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു. എല്ലാ തയ്യാറെടുപ്പുകളും മുൻകരുതലുകളും ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഒരു മികച്ച സ്റ്റണ്ട് ആർട്ടിസ്റ്റ് എന്ന നിലയിൽ അദ്ദേഹം ഓർമ്മിക്കപ്പെടുമെന്നും പാ രഞ്ജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button