ലവ് ടുഡേ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. ഇപ്പോഴിതാ പ്രദീപിന്റെ അടുത്ത സിനിമയായ ലവ് ഇൻഷുറൻസ് കമ്പനിയുടെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന ‘ലവ് ഇൻഷുറൻസ് കമ്പനി’ സെപ്റ്റംബർ 18 നായിരുന്നു റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ പദ്ധതിയിട്ടത്. എന്നാൽ ചിത്രം മറ്റൊരു ഡേറ്റിലേക്ക് റിലീസ് മാറ്റിയെന്നാണ് റിപ്പോർട്ട്. തമിഴ് ട്രാക്കർമാരുടെ റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ റിലീസ് അടുത്ത വർഷം ഫെബ്രുവരി 14 ലിലേക്ക് മാറ്റി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനാലാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.
ഒരു ഫാന്റസി റൊമാന്റിക് കോമഡി ചിത്രമായി ഒരുങ്ങുന്ന ‘ലവ് ഇൻഷുറൻസ് കമ്പനി’ വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൃതി ഷെട്ടി, എസ്ജെ സൂര്യ, സീമാൻ, ഗൗരി ജി കിഷൻ, യോഗി ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ‘ധീമാ ധീമാ’ എന്ന ഗാനം അണിയറപ്രവർത്തകർ നേരത്തെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്. നാനും റൗഡി താൻ, കാതുവാകുല രണ്ട് കാതൽ എന്നീ സിനിമകൾക്ക് ശേഷം വിഘ്‌നേശ് ശിവൻ ഒരുക്കുന്ന സിനിമയാണ് ലവ് ഇൻഷുറൻസ് കമ്പനി.