2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. ശേഷം കാന്താരയുടെ പ്രീക്വലായ കാന്താര ചാപ്റ്റർ 1 ന്റെ ചിത്രീകരണവും ആരംഭിച്ചു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിനായി റിഷഭ് ഷെട്ടി വാങ്ങുന്നത് വൻപ്രതിഫലമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആദ്യ ഭാഗത്തിന്റെ പ്രതിഫലത്തിന്റെ 2400 ശതമാനത്തോളം വർധനവാണ് പ്രതിഫലത്തിൽ വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ആദ്യ ചിത്രത്തിൽ നാല് കോടി രൂപയായിരുന്നു റിഷഭിന് പ്രതിഫലം ലഭിച്ചിരുന്നത്. എന്നാൽ ആഗോള തലത്തിൽ ഈ ചിത്രം 400 കോടിയോളം കളക്ഷൻ നേടി. ഇതോടെ ചാപ്റ്റർ 1 ൽ റിഷഭ് തന്റെ പ്രതിഫലം നൂറുകോടിയോളമാക്കി ഉയർത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ തുകയ്ക്ക് പുറമെ അദ്ദേഹത്തിന് ചിത്രത്തിന്റെ ലാഭവിഹിതവും ലഭിക്കും. ചാപ്റ്റര്‍ 1ന്‍റെ സംവിധാനവും റിഷഭ് ഷെട്ടിയാണ് നിര്‍വഹിക്കുന്നത്. കാന്താര ചാപ്റ്റർ 1 ഒക്ടോബറിലാണ് പ്രേക്ഷകരിലെത്തുക. 150 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഹോംബാലെ ഫിലിംസ് ആണ് നിർമിക്കുന്നത്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി വമ്പൻ ക്യാൻവാസിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ ചേർത്താകും സിനിമ ഒരുക്കുക.