ട്രോൺ, ടോപ് ഗൺ മാവെറിക്ക് തുടങ്ങിയ ഹിറ്റ് ഹോളിവുഡ് സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് ജോസഫ് കോസിൻസ്കി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയാണ് ‘എഫ് 1’. ഫോർമുല 1 റേസിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയിൽ നായകനായി എത്തുന്നത് ബ്രാഡ് പിറ്റ് ആണ്. ഇന്ത്യൻ മാർക്കറ്റിലും സിനിമ വലിയ കുതിപ്പാണുണ്ടാക്കുന്നത്.
പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ 43.25 കോടിയാണ് ഇന്ത്യയിൽ നിന്നുള്ള എഫ് 1ന്റെ കളക്ഷൻ. ആദ്യ ആഴ്ചയിൽ ഇന്ത്യയിൽ നിന്ന് 34.75 കോടി നേടിയ സിനിമ 8.50 കോടിയാണ് കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം നേടിയത്. ഐമാക്സ് സ്‌ക്രീനുകളിൽ സിനിമയ്ക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇനി അഞ്ച് ദിവസം കൂടി മാത്രമേ ചിത്രം ഐമാക്‌സിൽ പ്രദർശനം ഉണ്ടാകുകയുള്ളൂ. അതിന് ശേഷം ഹോളിവുഡ് ചിത്രമായ സൂപ്പർമാൻ ഐമാക്സ് സ്ക്രീനുകൾ കയ്യടക്കും. പ്രേക്ഷകർ ഐമാക്സ് സ്‌ക്രീനിൽ സിനിമ കാണുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് എഫ് വണ്ണിന് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചിത്രത്തിലെ ബ്രാഡ് പിറ്റിന്റെ അഭിനയത്തേയും എല്ലാവരും പുകഴ്ത്തുന്നുണ്ട്. ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൻ, തോബിയാസ് മെൻസിസ്, ജാവിയർ ബാർഡെം എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വാർണർ ബ്രദേഴ്സ് പിക്‌ചേഴ്‌സ് ആണ് സിനിമ തിയേറ്ററുകളിൽ എത്തിച്ചത്.