മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സംവൃത സുനിൽ. 2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടി പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരുന്നു. ഇപ്പോഴിതാ ജീവിതകാലം മുഴുവനും കൊണ്ടുനടക്കാന്‍ പറ്റുന്ന രീതിയില്‍ സിനിമയില്‍ നിന്ന് ആരെങ്കിലും ഉപദേശം തന്നിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവൃത. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘അങ്ങനെയൊരു ഉപദേശം കിട്ടിയിരുന്നോ എന്ന് ചോദിച്ചാല്‍, കിട്ടിയിട്ടുണ്ട്. ലാലേട്ടനാണ് അത്തരത്തില്‍ ഉപദേശം നല്‍കിയിട്ടുള്ള ആള്‍. നമ്മള്‍ എങ്ങനെ പെരുമാറുന്നു എന്നത് എപ്പോഴും ആളുകളുടെ മനസില്‍ നിലനില്‍ക്കുമെന്ന് എന്നോട് പറഞ്ഞത് അദ്ദേഹമാണ്. ഒരിക്കല്‍ സിനിമ വിട്ടാലും സിനിമയില്‍ ഉള്ളപ്പോഴും നമ്മള്‍ ആളുകളോട് എങ്ങനെ പെരുമാറുന്നു എന്ന കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം എന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞു തന്നിരുന്നു. രസികന്‍ സിനിമയൊക്കെ തുടങ്ങിയ സമയത്തായിരുന്നു അത്.
ഒരാളുടെ അഭിനയം ഇഷ്ടമായില്ലെങ്കിലും പിന്നീട് അയാളെ അഭിനയിക്കാന്‍ വിളിക്കണമെങ്കില്‍ അയാള്‍ എങ്ങനെ മറ്റുള്ളവരോട് പെരുമാറുന്നു എന്നത് ഒരു പ്രധാനപ്പെട്ട വിഷയമാണ്. നമ്മള്‍ എങ്ങനെ ചെയ്താലും മറ്റുള്ളവര്‍ക്ക് എന്താണെന്ന് ചിന്തിക്കരുത്. എവിടെ പോകുമ്പോഴും മറ്റുള്ളവരെ ബഹുമാനിക്കാതിരിക്കരുത്. അവരോട് സംസാരിക്കുന്ന രീതിയൊക്കെ ശ്രദ്ധിക്കണം. നീയൊരു സെലിബ്രറ്റി ആകാന്‍ പോകുകയാണ്. ഇനിമുതല്‍ ഇതൊക്കെ പ്രശ്‌നമാകും എന്ന് പറഞ്ഞത് ലാലേട്ടനാണ്,’ സംവൃത സുനിൽ പറഞ്ഞു.